Your Image Description Your Image Description

ഫിഫ ഫുട്ബോൾ ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ അർജന്റീനയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ബ്രസീൽ പരിശീലകൻ ഡോറിവെൽ ജൂനിയറിനെ പുറത്താക്കി. കഴിഞ്ഞ വർഷം ജനുവരിയിലാണ് ബ്രസീൽ പരിശീലകനായി ഡോറിവെൽ ചുമതലയേറ്റത്. അടുത്ത ലോകകപ്പ് വരെയായിരുന്നു ഡോറിവെലിന്റെ കരാർ. എന്നാൽ അർജന്റീനയ്ക്കെതിരായ തോൽവിയോടെ ഡോറിവെലിന്റെ കരാർ വെറും 14 മാസത്തിൽ അവസാനിക്കുകയായിരുന്നു.

ജൂൺ-ജൂലൈ മാസങ്ങളിലായി നടന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ കളിച്ചതാണ് ഡോറിവെലിന്റെ പരിശീലനത്തിൽ ബ്രസീൽ കളിച്ച പ്രധാന ടൂർണമെന്റ്. ഡോറിവെലിന് പകരക്കാരനായി പോർച്ചുഗീസ് പരിശീലകരായ ഹോർഗെ ജെസ്യൂസ്, ഏബൽ ഫെറേരാ എന്നിവരെ പരിഗണിക്കാനാണ് തീരുമാനം. നേരത്തെ ഡോറിവെലിനെ നിയമിക്കുന്നതിന് മുമ്പ് റയൽ മഡ്രിഡിന്റെ കാർലോ ആഞ്ചലോട്ടിയെ ബ്രസീൽ പരിശീലക സ്ഥാനത്തേയ്ക്ക് പരി​ഗണിച്ചിരുന്നു.

അതേസമയം, ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്താണ് ബ്രസീൽ. 14 മത്സരങ്ങളിൽ നിന്ന് ആറ് വിജയവും മൂന്ന് സമനിലയും അഞ്ച് തോൽവിയും ഉൾപ്പെടെ 21 പോയിന്റാണ് ബ്രസീലിന്റെ നേട്ടം. ​ഗ്രൂപ്പിലെ ആദ്യ ആറ് സ്ഥാനക്കാരാകും ലോകകപ്പ് കളിക്കാൻ യോ​ഗ്യത നേടുക. ഏഴാം സ്ഥാനത്തുള്ള ടീമിന് ഇന്റർകോണ്ടിനൽ പ്ലേ ഓഫ് കളിച്ചും ലോകകപ്പ് യോ​ഗ്യത ഉറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *