Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ അനിമൽ ബർത്ത് കൺട്രോൾ സെന്ററിൻ്റെ (എ.ബി.സി സെന്റർ) ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് എബിസി സെന്ററിന്റെ നിർമ്മാണം പൂർത്തികരിച്ചത്. 840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സെൻ്ററിൻ്റെ പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയാണ് ഒരുക്കിയിട്ടുള്ളത്. ശസ്ത്രക്രിയ നടത്താനുള്ള തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള മുറി, എ.ബി.സി ഓഫീസ്, സ്റ്റോർ, മാലിന്യ നിർമാർജ സൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ദിവസം 10 ശസ്ത്രക്രിയകൾ വരെ നടത്താനുള്ള സജ്ജീകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്. ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഒരു തിയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായപിടുത്ത സംഘം എന്നിവരെ സെന്റർ പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുമെന്നും മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞാൽ അത്തരം സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുമെന്നും അത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
പാല് ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. സംസ്ഥാനത്ത് പാലിൻ്റെ ആഭ്യന്തര ഉല്പാദനം വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് മാത്രമല്ല പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. പശുക്കളെ വാങ്ങുന്നതിന് ക്ഷീരകർഷകർക്ക് എല്ലാ ജില്ലകളിലും പലിശ രഹിത വായ്പ നൽകും. ക്ഷീരമേഖലയിലേക്ക് എല്ലാവരും കടന്നുവരണമെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *