Your Image Description Your Image Description

ഇടുക്കി ജില്ലയിലെ ബി.ജെ.പിയിലെ ഭിന്നത മൂലം ഇടതുമുന്നണിയുടെ തൊടുപുഴ നഗരസഭാ ഭരണം അവസാനിച്ചു .കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപി , യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെയാണ് എൽ.ഡി.എഫിന് ഭരണം തന്നെ നഷ്ടമായത് .

യു.ഡി.എഫിന്റെ 14 അംഗങ്ങൾക്കൊപ്പം എട്ട് ബി.ജെ.പി കൗൺസിലർമാരിൽ നാലുപേർ പാർട്ടി വിപ്പ് ലംഘിച്ചു വോട്ട് ചെയ്‌തോടെയാണ് നാലര വർഷമായി തുടരുന്ന എൽ.ഡി.എഫ് ഭരണത്തിന് താത്കാലിക വിരാമമായത്.

ഇനി ഏപ്രിൽ അഞ്ചിന് നടക്കുന്ന ചെയമാൻ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ പോലെ പടലപ്പിണക്കമൊന്നുമുണ്ടായില്ലെങ്കിൽ യു.ഡി.എഫിന് ഭരണം പിടിക്കാം. ഒമ്പത് മാസത്തിൽ താഴെ കാലാവധി മാത്രമാണ് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്.

ഇത് ആദ്യമായല്ല തൊടുപുഴ നഗരസഭയിൽ ബി.ജെ.പി യു.ഡി.എഫിനൊപ്പം ചേർന്ന് സി.പി.എമ്മിനെതിരെ നിലപാടെടുക്കുന്നത്. 2020 ൽ എൽ.ഡി.എഫ് ഭരണം പിടിച്ച ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പിലായിരുന്നു ഈ ‘അപൂർവ” കൂട്ടുകൂടൽ അരങ്ങേറിയത്.

കോൺഗ്രസ് അഞ്ച്, ലീഗ് അഞ്ച്, ജോസഫ് വിഭാഗം രണ്ട് എന്നിങ്ങനെയായിരുന്നു അന്ന് യു.ഡി.എഫിന്റെ കക്ഷിനില. ഇതിൽ ലീഗിലെ ഒരംഗം ഒഴികെ ബാക്കി എല്ലാ കൗൺസിലർമാരും ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തു. ലീഗിന്റെ അബ്ദുൽ കരീമാണ് വോട്ടുചെയ്യാത്ത അംഗം.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച അബ്ദുൽ കരീമിന് ബി.ജെ.പിയുടെ വോട്ടും ലഭിച്ചില്ല. ബാക്കി എല്ലാ ലീഗ് അംഗങ്ങൾക്കും ബി.ജെ.പി വോട്ടുചെയ്തു. ഇതോടെ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും ഭൂരിപക്ഷം നേടി. എൽ.ഡി.എഫിന് ഒരിടത്ത് പോലും ഭൂരിപക്ഷം നേടാനായില്ല.

മത്സരിച്ച എല്ലാ സീറ്റുകളിലേക്കും യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ജയിച്ചു. വികസനം, ക്ഷേമകാര്യം, ആരോഗ്യം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളിലാണ് യു.ഡി.എഫ് ഭൂരിപക്ഷം നേടിയത്. ആറംഗ കമ്മിറ്റികളിൽ യു.ഡി.എഫിന്റെ നാലംഗങ്ങൾ വീതമുണ്ട്.

അഞ്ചംഗ കമ്മിറ്റികളായ പൊതുമരാമത്തും വിദ്യാഭ്യാസവുമാണ് ബി.ജെ.പി സ്വന്തമാക്കിയത്. മൂന്നംഗങ്ങൾ വീതം ഇരുകമ്മിറ്റികളിലേക്കും വിജയിച്ചു. കൂടാതെ ധനകാര്യ സ്റ്റാൻഡിംഗിന് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിലേക്കും ബി.ജെ.പി. കൗൺസിലറാണ് ജയിച്ചത്.

ഇനി വരുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൈക്കൂലിക്കേസിൽപ്പെട്ട് സനീഷ് ജോർജ്ജ് രാജിവച്ച ഒഴിവിൽ 2024 ആഗസ്റ്റ് 12ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാർത്ഥികളെ വീതം നിറുത്തിയതോടെ കേവല ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു.

മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിൽ അവസാനഘട്ടത്തിൽ എല്ലാവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌തോടെയാണ് ഇടതുപക്ഷത്തിന് വീണ്ടും ഭരണം ലഭിച്ചത്. തുടർന്ന് ദിവസങ്ങളോളം ഇരുപാർട്ടികളുടെയും നേതാക്കൾ പരസ്പരം വാക്‌പോര് തുടർന്നു. പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിച്ചെന്നും ഇപ്പോൾ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നുമാണ് നേതാക്കൾ പറയുന്നത്. ഏതായാലും കാത്തിരുന്ന് കാണാം .

Leave a Reply

Your email address will not be published. Required fields are marked *