Your Image Description Your Image Description

തിരുവനന്തപുരം: വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി അറിയിക്കാനുള്ള ഫ്‌ളഡ് ഏര്‍ലി വാണിങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തത്സമയ വിവര ശേഖരണ സംവിധാനം (റിയല്‍ ടൈം ഡേറ്റ അക്വിസിഷന് സിസ്റ്റം മെഷീനറി) സ്ഥാപിക്കാൻ ഒരു കോടി രൂപ അനുവദിച്ചതെയായി മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളപ്പൊക്കം ഏറ്റവും കൂടുതലായി ബാധിക്കുന്ന 11 സ്ഥലങ്ങളിലാകും സംവിധാനം സ്ഥാപിക്കുക.

കോട്ടയം ജില്ലയിലെ തീക്കോയി, വയനാട് ജില്ലയിലെ പനമരം, തോണിക്കടവ്, പത്തനംതിട്ട ജില്ലയിലെ കല്ലേലി, പന്തളം, കൊല്ലം ജില്ലയിലെ പുനലൂര്‍, തെന്മല ഡാം, കണ്ണൂര്‍ ജില്ലയില്‍ രാമപുരം. കാസര്‍കോഡ് ജില്ലയില്‍ ചിറ്റാരി, മലപ്പുറം ജില്ലയില്‍ തിരൂര്‍, കോഴിക്കോട് ജില്ലയില്‍ കല്ലായി എന്നിവിടങ്ങളിലാണ് സംവിധാനം ഒരുക്കുക. ജലവിഭവ വകുപ്പിനു പുറമേ കെ.എസ്.ഇ.ബിയുമായി കൂടി ചേര്‍ന്നാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് രണ്ട് വർഷങ്ങളിലായി തുടർച്ചായി ഉണ്ടായ വെള്ളപ്പൊക്കമാണ് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകത അനിവാര്യമാക്കിയത്. ഇതോടെയാണ് നദികള്‍ അടക്കം 11 സ്ഥലങ്ങളില്‍ ഫലപ്രദമായ ഡാറ്റാ ശേഖരണ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പുതിയ സംവിധാനം സ്ഥാപിക്കുന്നതിലൂടെ വിവിധ നദികളിലെ ജലനിരപ്പ്, മഴയുടെ അളവ്, മറ്റു കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ തത്സമയം ലഭ്യമാകും. അതിലൂടെ സംസ്ഥാനത്തെ വിവിധ നദികളിലെ വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി അറിയാനും സാധിക്കും. ഇത്തരത്തിൽ ലഭ്യമായ വിവരങ്ങൾ കേരള സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുമായി പങ്കിടുകയും അതിലൂടെ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ മുന്‍കൂട്ടി പൊതുജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യാം. ഇതിലൂടെ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും ഒഴിപ്പിക്കല്‍, സ്ഥലംമാറ്റം, അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സാധിക്കും എന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *