Your Image Description Your Image Description

ഓണാട്ടുകരയുടെ സമ്പന്നമായ കാര്‍ഷികപൈതൃകത്തിന് പുതുവിളകളുടെ സമൃദ്ധികൊണ്ട് തുടര്‍ച്ചയുറപ്പാക്കുകയാണ് ദേവികുളങ്ങരയിലെയും താമരക്കുളത്തെയും കൃഷിക്കൂട്ടായ്മകള്‍. മില്ലറ്റ് മുതല്‍ എള്ളും പൂവും വരെ വൈവിധ്യവും വ്യത്യസ്തവുമായ കാർഷിക വിളകളാണിന്നീ കരയില്‍ വിളയുന്നത്. നെല്ല്, കിഴങ്ങ് വർഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിങ്ങനെ നീളുന്നുണ്ട് ഓണത്തിൻ്റെ കരയായ ഓണാട്ടുകരയുടെ വിളപ്പെരുക്കം.

മില്ലറ്റ് കൃഷിക്ക് പ്രസിദ്ധമായ ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞവർഷം അഞ്ച് ഹെക്ടറിൽ 28 കൃഷിക്കൂട്ടങ്ങൾ ചേർന്ന് ചെയ്ത മില്ലറ്റ് കൃഷി വൻ വിജയമായിരുന്നു. മില്ലറ്റ് കൃഷിക്കൊപ്പം ഇന്നിവര്‍ക്ക് സ്വന്തമായി ഒരു മില്ലറ്റ് കഫേയുമുണ്ട്. ഇഷാസ് കൃഷിക്കൂട്ടം ആരംഭിച്ച മില്ലറ്റ് കഫെ ഈയിടെയാണ് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ ആദ്യ മില്ലറ്റ് കഫെയാണിത്. ജില്ലയിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച കുടുംബശ്രീ സംരംഭകയായ എസ് ചഞ്ചലയാണ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച മില്ലറ്റ് കഫേക്ക് നേതൃത്വം നൽകുന്നത്. രാസവസ്തുക്കൾ ചേർക്കാതെ, പ്രകൃതിദത്തമായ ചേരുവകളാൽ തയ്യാറാക്കുന്ന കാര്‍ഷിക ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മില്ലറ്റ് കഫേയുടെ ലക്ഷ്യം. ഓണക്കാലത്ത് വീട്ടുമുറ്റങ്ങളിൽ ഇടംപിടിക്കുന്ന ബന്ദിപ്പൂവും ഇന്ന് ദേവികുളങ്ങരയിലെ പ്രധാന കൃഷിയാണ്. നിലവിൽ അഞ്ച് ഹെക്ടറിൽ 38 കൃഷിക്കൂട്ടങ്ങൾ ചേർന്നാണ് ബന്ദിപ്പൂ കൃഷി ചെയ്യുന്നത്.
എന്നാല്‍ കൃഷ്ണപുരം ഭാഗത്ത് നെല്ലിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പത്താം വാർഡില്‍ ഒന്നര ഏക്കറിൽ ‘ഭാഗ്യ’ ഇനം നെല്ലാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ, കൃഷിഭവൻ, സംഘകൃഷി ഗ്രൂപ്പുകൾ (ജെഎൽജി ഗ്രൂപ്പ്) എന്നിവയുടെ നേതൃത്വത്തിലാണ് പരമ്പരാഗത രീതിയിലുള്ള നെൽകൃഷി. ജെഎൽജി ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളുടെ ആശയണ് ഈ കൃഷിയിലേക്ക് നയിച്ചത്.
ഓണാട്ടുകരയുടെ പ്രധാന ഭാഗമായ ചെട്ടികുളങ്ങരയില്‍ പക്ഷേ കപ്പ, ചീര, പയർ, പാവൽ, പടവലം, പച്ചമുളക്, ഏത്തവാഴ, വഴുതന തുടങ്ങിയ കൃഷികള്‍ക്കാണ് പ്രാമുഖ്യം. ഈരേഴ തെക്ക് പതിനാലാം വാർഡിലെ ഹരിതകം ജെഎൽജി ഗ്രൂപ്പാണ് ഇവിടെ കൃഷിക്ക് നേതൃത്വം നൽകുന്നത്. പഞ്ചായത്ത്, കൃഷിഭവൻ എന്നിവിടങ്ങളിൽ നിന്ന് ആവശ്യമായ സഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
വാഴയും നെല്ലുമാണ് താമരക്കുളത്തെ പ്രധാനികൾ. 17-ാം വാർഡിൽ തേജസ് ജെഎൽജി ഗ്രൂപ്പ് രണ്ട് ഏക്കറില്‍ എള്ളും താമരക്കുളം കുടുംബശ്രീ അംഗങ്ങള്‍ അഞ്ചേക്കറില്‍ നെല്ലും പതിനൊന്നാം വാർഡിൽ പ്രകൃതി ജെഎൽജി അംഗങ്ങൾ ഇടവിളകളും നാലേക്കറില്‍ ഏത്തവാഴയും കൃഷി ചെയ്യുന്നുണ്ട്. മികച്ച ലാഭം ലഭിക്കുന്നുണ്ടെന്നും കൃഷി മികച്ച വരുമാനമാർഗമാണെന്നും മേഖലയിലെ കര്‍ഷകര്‍ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ കാർഷിക പാരമ്പര്യത്തെ കൈവിടാതെ ചേര്‍ത്തുപിടിച്ച് വലിയ മുന്നേറ്റത്തിനാണ് ഓണാട്ടുകരയിലെ കൃഷിക്കൂട്ടായ്മകള്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *