Your Image Description Your Image Description

ഓൺലൈനായി ഒരു സ്മാർട്ട്‌ഫോൺ വാങ്ങാൻ ഇനി മണിക്കൂറുകളൊന്നും കാത്തിരിക്കേണ്ടി വരില്ല. ഇന്ത്യയിലെ സ്‍മാർട്ട്‌ഫോണുകൾക്കായി ഒരു ഫാസ്റ്റ് ഡെലിവറി സേവനം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്. 10 മിനിറ്റിനുള്ളിൽ ആപ്പിൾ, സാംസങ്, വൺപ്ലസ്, റെഡ്‍മി തുടങ്ങിയ ബ്രാൻഡുകളുടെ സ്‍മാർട്ട്‌ഫോണുകൾ ഈ ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോം വഴി വിൽക്കും. തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിലാണ് 10 മിനിറ്റ് കൊണ്ട് സ്‍മാർട്ട്‌ഫോണുകൾ ഡെലിവറി ചെയ്യുന്ന പുതിയ സംവിധാനം സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഫോൺ 16ഇ, സാംസങ് ഗാലക്‌സി എം35, വൺപ്ലസ് നോർഡ് സിഇ, വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ്, റെഡ്മി 14സി എന്നിവയുൾപ്പെടെയുള്ള സ്‍മാർട്ട്‌ഫോണുകൾ ബാംഗ്ലൂർ, ദില്ലി, മുംബൈ, ചെന്നൈ, ഫരീദാബാദ്, നോയിഡ, ഗുഡ്‍ഗാവ്, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്കും ഈ സേവനം ഉടൻ ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഓർഡർ ലഭിച്ചാൽ 10 മിനിറ്റിനുള്ളിൽ ഈ ഹാൻഡ്‌സെറ്റുകൾ ഡെലിവറി ചെയ്യുമെന്ന് കമ്പനി പറയുന്നു. മോട്ടറോള, ഓപ്പോ, വിവോ, റിയൽമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മൊബൈൽ ഫോണുകളും ഇൻസ്റ്റാമാർട്ടിൽ വേഗത്തിൽ ഡെലിവറി ചെയ്യാൻ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ മോഡലുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല. ബ്ലിങ്കിറ്റും സെപ്‌റ്റോയും നിലവിൽ നിരവധി ഇന്ത്യൻ നഗരങ്ങളിൽ സമാനമായ സ്‍മാർട്ട്‌ഫോൺ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിൽ വിവോ സ്‍മാർട്ട്‌ഫോണുകളുടെയും അസൂസ് കീബോർഡുകളുടെയും മൗസിന്റെയും വേഗത്തിലുള്ള ഡെലിവറികൾ സെപ്‌റ്റോ വാഗ്ദാനം ചെയ്യുന്നു. അതേസമയം ബ്ലിങ്കിറ്റ് സാംസങ് ഗാലക്‌സി എസ് 24 സീരീസ് , പ്ലേസ്റ്റേഷൻ 5, സ്വർണ്ണ, വെള്ളി നാണയങ്ങൾ എന്നിവയും വിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *