Your Image Description Your Image Description

മെഡിക്കൽ പ്രവേശനത്തിൽ നടന്നുവന്ന ഗുരുതരമായ ക്രമക്കേടുകൾ ഇല്ലാതാക്കാനാണ് രാജ്യത്തൊട്ടാകെ ഏകീകൃത പ്രവേശന പരീക്ഷ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നത്. നീറ്റ് പരീക്ഷയ്ക്കെതിരെ ചില സംസ്ഥാനങ്ങളും രക്ഷിതാക്കളും കോടതിയിൽ പോയെങ്കിലും ഫലമുണ്ടായില്ല.

ഏതു വ്യവസ്ഥയും അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടാകും. നീറ്റ് പരീക്ഷയിലും ക്രമക്കേടുകൾ നടത്തി ഈ സംവിധാനം അട്ടിമറിക്കാൻ നടന്ന ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. ചോദ്യങ്ങൾ ചോർത്തിയും,​ യഥാർത്ഥ പരീക്ഷാർത്ഥിക്കു പകരം പകരക്കാരെ നിയോഗിച്ചും,​ ക്രമക്കേടു നടത്താൻ പറ്റിയ ടെസ്റ്റ് സെന്ററുകൾ കണ്ടുപിടിച്ചും കൃത്രിമ വഴിയിലൂടെ പ്രവേശന പരീക്ഷ കടന്നുകൂടാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതൊക്കെ കണ്ടുപിടിക്കപ്പെടുകയും ചെയ്തു.

എന്നാലും അഡ്മിഷൻ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു തട്ടിപ്പ് സംഘം രംഗത്തുണ്ട് . ആ തട്ടിപ്പ് സംഘത്തിൽ അറിഞ്ഞോ അറിയാതെയോ ആരും പെട്ടുപോകരുത് , ധാരാളം പരാതികളാണ് നിത്യേന വരുന്നത് .

അങ്ങനെയൊരു പരാതിയാണ് മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദീകൻ നാലാഞ്ചിറ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരി ജോൺവർഗീസിനെതിരെ ആ പള്ളിയിലെ ഒരംഗം ഡിജിപി യ്ക്കും സഭാ നേതൃത്വത്തിനും പരാതി നൽകിയത് .

ആ വൈദീകനും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായിട്ടാണ് പരാതി , ലക്ഷങ്ങൾ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തുവത്രെ . പക്ഷെ ആ വൈദീകൻ പണം തട്ടിയെന്നോ ഇല്ലെന്നോ ഞാൻ പറയില്ല , ആ പരാതിക്കാരന്റെ പരാതിയിൽ കൃത്യമായി ആ വൈദീകന്റെ റോൾ എന്താണെന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ടാ ഞാൻ നേരത്തെ പറഞ്ഞത് അറിഞ്ഞോ അറിയാതെയോ ആരും പെട്ടുപോകരുതെന്ന്.

കല്പിത സർവകലാശാലകൾ വഴി പ്രവേശനം ഉറപ്പാക്കാമെന്ന വാഗ്ദാനവുമായിട്ടും ഇപ്പോൾ ചില വിരുതന്മാർ ഇറങ്ങിയിട്ടുണ്ട്. പ്രവേശന പരീക്ഷയിലൂടെ അപ്പുറം കടക്കാൻ വിഷമമാണെന്ന് ബോദ്ധ്യമുള്ള ചിലരാണ് ഇതിനു പിന്നിൽ. ഇത്തരം വിദ്യാർത്ഥികളെയും അവരുടെ രക്ഷാകർത്താക്കളെയും സമീപിച്ച് സീറ്റ് വാഗ്ദാനം മുന്നോട്ടുവച്ച് പണം തരപ്പെടുത്തി അവസാനം കൈമലർത്തുകയാണ് പതിവ്.

വളഞ്ഞ വഴിയിലൂടെ ഒരുതരത്തിലും ‘നീറ്റ്” കടന്ന് മെഡിക്കൽ പ്രവേശനം സാദ്ധ്യമല്ലെന്ന് വ്യക്തമായി അറിയാമെങ്കിലും ഒരു ഭാഗ്യപരീക്ഷണത്തിനു തയ്യാറാകുന്നവരാണ് പലരും . രാജ്യത്തൊട്ടാകെയുള്ള 59 കല്പിത സർവകലാശാലകളിൽ ആകെ 11,​450 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്.

ഇവയിലുൾപ്പെടെ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രവേശനം ‘നീറ്റ്” സ്കോർ അടിസ്ഥാനമാക്കിയാണ്. കേരളത്തിൽ ഒരൊറ്റ കല്പിത സർവകലാശാലയേയുള്ളൂ. അതിനാൽ സംസ്ഥാനത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികളിൽ സീറ്റ് ഒപ്പിച്ചുനൽകാമെന്ന് വാഗ്ദാനം നൽകിയാണ് കബളിപ്പിക്കൽ നടത്തുന്നത് .

ആദ്യപടിയായി രണ്ടുലക്ഷം രൂപയാണ് വാങ്ങുന്നത്. രണ്ടുലക്ഷമല്ലേ എന്നു കരുതി സന്താനങ്ങളെ വൈദ്യം പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷാകർത്താക്കൾ ഒട്ടും സംശയിക്കാതെ പണം ഏജന്റിനു കൈമാറും. കല്പിത സർവകലാശാലകളിൽ രജിസ്ട്രേഷനു നൽകുന്ന രണ്ടുലക്ഷം രൂപ ഏജന്റിന്റെ പേരിലാണ് അടയ്ക്കുന്നത്.

അഡ്മിഷൻ പ്രക്രിയ പൂർത്തിയായി സീറ്റ് ലഭിക്കാതെയിരുന്നാലും ഈ തുക തിരികെ ലഭിക്കും. അതാകട്ടെ പണം അടച്ച ഏജന്റിന്റെ പേരിലും. ഈ തുകയാണ് പല കാരണങ്ങൾ പറഞ്ഞ് ഏജന്റ് കബളിപ്പിക്കുന്നത്. പണം നഷ്ടപ്പെട്ട ചില രക്ഷാകർത്താക്കൾ ഇതിനകം പൊലീസിൽ പരാതിയുമായി എത്തിയിട്ടുണ്ട്. അനേകം തട്ടിപ്പുകൾ നടക്കുന്ന സംസ്ഥാനത്ത് പൊലീസിനു പുതിയൊരു പണി കൂടിയായി!

ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പലവിധ തട്ടിപ്പുകളിൽ ഒന്നുമാത്രമാണിത്. നേരായ വഴിയിലൂടെ പരീക്ഷ എഴുതി പ്രവേശനം നേടാനൊരുങ്ങുന്ന കുട്ടികളുടെ മുന്നിലാണ് ഇക്കൂട്ടർ തടസമുണ്ടാക്കുന്നത്. രാജ്യത്ത് ഇപ്പോൾ ഉന്നത പഠനത്തിനുവേണ്ടിയുള്ള പ്രവേശന പരീക്ഷകൾ ആരംഭിച്ചുകഴിഞ്ഞു. ഈ സമയത്താണ് തട്ടിപ്പുകാർ പുറത്തിറങ്ങുന്നത് , അത് വൈദീകന്റെ വേഷമിട്ടായാലും മെത്രാന്റെ വേഷമിട്ടായാലും നിങ്ങളെ സമീപിക്കുമ്പോൾ ആട്ടി പുറത്താക്കണം .

Leave a Reply

Your email address will not be published. Required fields are marked *