Your Image Description Your Image Description

ശീതള പാനീയ വിപണിയിലേക്ക് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് വൻ വിപ്ലവം സൃഷ്ടിക്കുവാനൊരുങ്ങുകയാണ് . കോടികൾ മുടക്കി ഇന്ത്യയിലെ നമ്പ‍ർ വൺ ബ്രാൻഡായ കാമ്പ കോളയെ റിലയൻസ് ഗ്രൂപ്പ് സ്വന്തമാക്കിയത് വ്യവസായരംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിച്ചു .

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരമായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയൻസ് സ്വന്തമാക്കിയത്. ജനങ്ങൾക്കിടയിൽ ‘സീറോ ഷുഗൾ ട്രെൻഡ്’ വർദ്ധിച്ച് വരികയാണ്.

ഈ അവസരം മുതലെടുത്ത് റിലയൻസ് പലതരത്തിലുളള നീക്കങ്ങളും നടത്തുന്നുണ്ട്. കൊക്കക്കോള, പെപ്‌സി പോലെയുള്ള ആഗോള കമ്പനികൾ ഇതിനകം തന്നെ ഷുഗർലെസ് ഡ്രിങ്കുകൾ അവതരിപ്പിച്ചു കഴിഞ്ഞു.

പക്ഷേ ഇവയ്ക്ക് കമ്പനികൾ ഉയർന്ന വിലയാണ് നിശ്ചയിക്കുന്നത്. ആ അവസരത്തിലാണ് റിലയൻസ് വെറും പത്ത് രൂപയ്ക്ക് ഡയറ്റ്,​ ലൈറ്റ് ഡ്രിങ്കുകൾ വിപണിയിൽ ഇറക്കിയത്. റിലയൻസിന്റെ ഈ മേഖലയിലേക്കുളള കടന്നുവരവ് മറ്റ് ശീതള പാനീയ കമ്പനികൾക്ക് വലിയ തിരിച്ചടിയുണ്ടാക്കും .

ഇതോടെ റിലയൻസുമായി മത്സരിക്കാൻ കൊക്കക്കോളയും പെപ്‌സിക്കോയും പഞ്ചസാര രഹിത പാനീയങ്ങളുടെ നിര വർദ്ധിപ്പിക്കുകയാണ്. തംസ്അപ് എക്‌സ് ഫോഴ്‌സ്, കോക്ക് സീറോ, സ്‌പ്രൈറ്റ്, പെപ്‌സി നോ ഷുഗർ എന്നിവയുൾപ്പടെ ഡയറ്റ്, ലൈറ്റ് പാനീയങ്ങൾക്കായി പത്ത് രൂപ പായ്ക്കറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുളള നീക്കം ആഗോള കമ്പനികൾ നടത്തിയിരിക്കുന്നത്. കുറഞ്ഞ വിലയിലുളള പാനീയങ്ങൾ വിപണിയിലെത്തിച്ച് ഉപയോക്താക്കളെ ആകർഷിക്കുക എന്ന തന്ത്രമാണ് കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്.

ഈ പത്ത് രൂപ തന്ത്രമാണ് മറ്റ് ആഗോള ബ്രാൻഡുകളെക്കൂടി റിലയൻസിന്റെ പാത പിന്തുടരാൻ പ്രേരിപ്പിച്ചത്. അതേസമയം,​ ഈ തന്ത്രം കമ്പനികൾക്ക് ലാഭകരമായിരിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
പുറത്തുവരുന്ന വിവരം അനുസരിച്ച്,​ കഴിഞ്ഞ വർഷം ശീതള പാനീയങ്ങളുടെയും ജ്യൂസുകളുടെയും വിൽപ്പന രാജ്യത്ത് ഇരട്ടിയിലധികം വർദ്ധിച്ച് 700 മുതൽ 750 കോടി രൂപയിലെത്തി. നഗരപ്രദേശങ്ങളിലാണ് ഇത്തരം പാനിയങ്ങളുടെ ഡിമാൻഡ് ഉയരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *