Your Image Description Your Image Description

ഡൽഹി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇടക്കാല സംരക്ഷണവും ബുധനാഴ്ച വരെ നീട്ടി നൽകി. ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ച പരിഗണിക്കും.

കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതി നഗരപരിധിയിലെ ഒരു വീട്ടിൽ വച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടൻ, ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിച്ചിരുന്നു. കൂട്ടിക്കൽ ജയചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്നങ്ങൾ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നതായിരുന്നു സർക്കാരിന്‍റെ ചോദ്യം. തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *