Your Image Description Your Image Description

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നും കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് റിപ്പോർട്ട്. ഡൽ​ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിച്ചത്. അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും സുപ്രീം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജ‍ഡ്ജിയുടെ വീട്ടിൽനിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകളുടെ ചിത്രവും റിപ്പോർട്ടിലുണ്ട്. സ്റ്റോർ റൂമിൽ നിന്നു കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിലാണ്. ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വർമയുടെ മറുപടിയും റിപ്പോർട്ടിലുണ്ട്. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, ആരോപണത്തിൽ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ജസ്റ്റിസ് വർമയെ ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റിനിർത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദേശിച്ചു. സംഭവത്തിൽ സമ​ഗ്ര അന്വേഷണത്തിന് ജുഡീഷ്യൽ സമിതിയേയും നിയോ​ഗിച്ചു. പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരാണ് സമിതിയിലെ അം​ഗങ്ങൾ. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടികൾ.

അതേസമയം, ജഡ്ജിയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയില്ലെന്നു കഴിഞ്ഞ ദിവസം പറഞ്ഞ ഡൽഹി അഗ്നിശമനസേനാ മേധാവി അതുൽ ഗാർഗ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശനിയാഴ്ച നിലപാടു മാറ്റി. ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ വർമയുടെ വസതിയിൽ നിന്നു പണം കണ്ടെത്തിയെന്ന വാർത്തകൾ വെള്ളിയാഴ്ചയാണു പുറത്തുവന്നത്. വീട്ടിൽ നിന്നു പണം കണ്ടെത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് കുരുക്ക് മുറുകി.

യശ്വന്ത് വർമ ഉൾപ്പെടെ ഏതാനും പേർക്കെതിരെ 2018 ൽ സിബിഐ റജിസ്റ്റർ ചെയ്ത വഞ്ചനക്കേസിന്റെ വിശദാംശങ്ങൾ ഇതിനിടെ പുറത്തുവന്നു. യുപിയിലെ സിംഭോലി പഞ്ചസാര മില്ലിൽ ക്രമക്കേടു നടത്തി കോടികൾ തട്ടിയെടുത്തെന്ന കേസിലാണു സ്ഥാപനത്തിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന യശ്വന്ത് വർമ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തത്. 2012 ൽ വ്യാജരേഖകൾ ഉപയോഗിച്ച് വായ്പയെടുത്തതായി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സാണ് പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട നടപടികൾ 2024 മാർച്ചിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഉണ്ടായ അ​ഗ്നിബാധയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നത്. അ​ഗ്നിബാധയുണ്ടായ സമയം ജസ്റ്റിസ് വർമ്മ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോർസ് അംഗങ്ങൾ എത്തി തീ അണച്ചു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ഫയർഫോഴ്‌സ്‌ അംഗങ്ങളും, പോലീസും തീപ്പിടിത്തത്തിൽ ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനിടയിലാണ് ഒരു മുറിയിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇത് കണക്കിൽപ്പെടാത്ത പണം ആണെന്ന് കണ്ടെത്തി. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വിഷയം അതിവേഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയിൽ പെട്ടു.

പണം കണ്ടെത്തിയ വിവരം കേന്ദ്ര സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. ജുഡീഷ്യറിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഈ വിഷയത്തിന്റെ ഗൗരവ്വ സ്ഥിതി ബോധ്യമായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉടൻ തന്നെ സുപ്രീം കോടതി കൊളീജിയം യോഗം വിളിച്ച് ചേർത്തു. കൊളീജിയത്തിലെ മുഴുവൻ അംഗങ്ങളും വർമ്മയ്ക്ക് എതിരെ നടപടി വേണമെന്ന നിലപാടാണ്‌ സ്വീകരിച്ചത്. തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയെ അദ്ദേഹത്തിന്റെ സ്വന്തം ഹൈകോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ കൊളീജിയം തീരുമാനിക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് എതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീം കോടതി കൊളീജിയം യോഗത്തിൽ ചില അംഗങ്ങൾ ആവശ്യപ്പെട്ടു. നടപടി സ്ഥലം മാറ്റത്തിൽ മാത്രം ഒതുക്കിയാൽ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. യശ്വന്ത് വർമ്മയിൽ നിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. രാജിക്ക് തയ്യാറായില്ലെങ്കിൽ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും കൊളീജിയം യോഗത്തിൽ ഉയർന്നു. ഏതെങ്കിലും ഒരു ജഡ്ജിയെ സംബന്ധിച്ച അഴിമതി ആരോപണം ഉണ്ടായാൽ അത് സംബന്ധിച്ച് ആരോപണ വിധേയനായ ജഡ്ജിയുടെ വിശദീകരണം തേടുക എന്നതാണ് ആദ്യ നടപടിക്രമം. തുടർന്ന് സുപ്രീം കോടതിയിലെ ഒരു ജഡ്ജിയും, രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്ന ഒരു ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നൽകാം. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ജഡ്ജിയെ പുറത്താക്കാൻ ഉള്ള നടപടികളിലേക്ക് പാർലമെന്റിന് കടക്കാം.

അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി എ എൻ വർമ്മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ. നിലവിൽ ഡൽഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ. സീനിയോറിറ്റി അനുസരിച്ച് ഡൽഹി ഹൈക്കോടതിയിലെ മൂന്നാമനാണ് അദ്ദേഹം. ഡൽഹിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായും, ജസ്റ്റിസ് വിഭു ബാക്രൂവുമാണ് ഇദ്ദേഹത്തെക്കാൾ മുതിർന്ന ജഡ്ജിമാർ. 2014 ലാണ് ഇദ്ദേഹ​ം അലഹബാദ് ഹൈക്കോടതി ജഡ്ജിയാകുന്നത്. തുടർന്ന് 2021 ൽ ഡൽഹി ഹൈക്കോടതിയിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *