Your Image Description Your Image Description

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് യു ജി സിയുടെ വലിയ അംഗീകാരം. എംജി യൂണിവേഴ്‌സിറ്റിയെ യു ജി സി യുടെ നമ്പർ 1 കാറ്റഗറിയിൽ ഉൾപ്പെടുത്തി അറിയിപ്പ് വന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ രാജ്യത്തെ എണ്ണപ്പെട്ട മികച്ച സര്‍വ്വകലാശാലകളിലൊന്നായി എം ജി മാറുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ സര്‍വ്വകലാശാലയ്ക്ക് നൂതന പാഠ്യപദ്ധതികളും പ്രോഗ്രാമുകളും അനുസ്യൂതം വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതിനും കൂടുതല്‍ മികവിലേക്ക് പ്രയാണം ചെയ്യുന്നതിനും സാധിക്കുമെന്നും ആർ ബിന്ദു വ്യക്തമാക്കി.

മന്ത്രിയുടെ കുറിപ്പ് ഇപ്രകാരം

സര്‍വ്വകലാശാലകള്‍ക്കുള്ള പരമോന്നത സ്വയംഭരണാവകാശമായ കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമിക്ക് മഹാത്മാഗാന്ധി സര്‍വ്വകലാശാല അര്‍ഹമായി. നാക്-ന്‍റെ നാലാം സൈക്കിള്‍ റീ അക്രഡറ്റിഷേനില്‍ എ++ ഉം 3.61 സി ജി പി എയും കരസ്ഥമാക്കിയ സര്‍വ്വകലാശാല, ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ റാങ്കിംഗില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 400 – 500 ബാന്‍ഡില്‍ ഇടംപിടിച്ചുവരുന്നു. സര്‍വ്വകലാശാലയുടെ ആഗോള റാങ്കിലുള്ള മികവും നാക് റീ അക്രഡിറ്റേഷനില്‍ എ++ നേടിയതും കണക്കിലെടുത്താണ് 13.03.2025 – ലെ യു ജി സിയുടെ 588 -ാമത്തെ യോഗത്തില്‍ ഈ സുപ്രധാന തീരുമാനമുണ്ടായത്. കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിക്കുന്നതോടെ രാജ്യത്തെ എണ്ണപ്പെട്ട മികച്ച സര്‍വ്വകലാശാലകളിലൊന്നായി എം ജി മാറുകയാണ്. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് ആദ്യമായി കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതും മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കാണ്. കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ സര്‍വ്വകലാശാലയ്ക്ക് നൂതന പാഠ്യപദ്ധതികളും പ്രോഗ്രാമുകളും അനുസ്യൂതം വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതിനും കൂടുതല്‍ മികവിലേക്ക് പ്രയാണം ചെയ്യുന്നതിനും സാധിക്കും. ഇതോടൊപ്പം തന്നെ വിവിധ ഓഫ് ക്യാമ്പസുകള്‍, പഠനകേന്ദ്രങ്ങള്‍, പഠനവകുപ്പുകള്‍, കോണ്‍സ്റ്റിറ്റ്യൂവന്‍റ് കോളേജുകള്‍, അക്കാദമിക് ലിങ്കേജുകള്‍, സയന്‍സ് പാര്‍ക്കുകള്‍ എന്നിവയും ഗ്രേഡഡ് ഓട്ടോണമി സംബന്ധിച്ച 2018 – ലെ റെഗുലേഷനിലെ ക്ലോസ് 4 പ്രകാരമുള്ള പ്രയോജനങ്ങളും സര്‍വ്വകലാശാലയ്ക്ക് ലഭിക്കും. വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ യു ജി സിയുടെ അനുമതിയില്ലാതെ നടത്താനാവുമെന്നതും ഗ്രേഡഡ് ഓട്ടോണമിയുടെ സവിശേഷതയാണ്.

Leave a Reply

Your email address will not be published. Required fields are marked *