Your Image Description Your Image Description

അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്നു ആരോഗ്യ വകുപ്പ് . വേനല്‍ കടുക്കുമ്പോള്‍ ശരീരത്തില്‍ ഹീറ്റ് റാഷ് ഉണ്ടാകുക, പേശിവലിവ് ,താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു.

വെയിലത്ത് ജോലി ചെയ്യുന്നവര്‍, പ്രായമുള്ളവര്‍, രക്തസമ്മര്‍ദ്ദം പോലെ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ കുട്ടികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ വിയര്‍പ്പ് ,കഠിനമായ ക്ഷീണം, തലവേദന തലകറക്കം ,പേശിവലിവ് ഓക്കാനം, ശര്‍ദ്ദി തുടങ്ങിയവ താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയര്‍പ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് .എന്നാല്‍ അന്തരീക്ഷ താപം ഒരു പരിധിയില്‍ കൂടുകയോ കഠിനമായ വെയില്‍ നേരിട്ട് ഏല്‍ക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം .ശക്തി കുറഞ്ഞതും വേഗതയിലുമുള്ള നാഡിമിടുപ്പ് ,ശക്തിയായ തലവേദന ,തലകറക്കം മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന് ലക്ഷണങ്ങളാണ്. സൂര്യാഘാത ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ചികിത്സ വേണ്ടിവരും.എത്രയും വേഗം ആശുപത്രിയില്‍ പോകേണ്ടതാണ്.

കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ ഇരുത്തിയിട്ട് രക്ഷകര്‍ത്താക്കള്‍ മറ്റിടങ്ങളിലേക്ക് പോകരുത് .കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് പാനീയങ്ങള്‍/ തിളപ്പിച്ചാറിയ വെള്ളം കൊടുക്കുക .കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക. ജലനഷ്ടവും ലവണ നഷ്ടവും പരിഹരിക്കുക. ദാഹം തോന്നുന്നില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കുക .കഠിനമായ വെയില്‍നേരിട്ട് ഏല്‍ക്കരുത് .ഉപ്പിട്ട കഞ്ഞിവെള്ളം ,നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുക.ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. വായു സഞ്ചാരം ഉറപ്പാക്കുന്ന വിധത്തില്‍ വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോള്‍ അസ്വസ്ഥത തോന്നിയാല്‍ പെട്ടെന്ന് തണലിലേക്ക് മാറുകയും കാറ്റുകൊള്ളുകയും ചെയ്യുക .ധാരാളം വെള്ളം കുടിക്കുക. ജലാംശം കൂടുതലുള്ള ഫലവര്‍ഗങ്ങള്‍ കഴിക്കുക . കട്ടികൂടിയതും ഇറുകിയതുമായ വസ്ത്രങ്ങള്‍ അയച്ചിടുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക.

വേനലിന് വെള്ളം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കുപ്പിയില്‍ എടുക്കാന്‍ മറക്കരുത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് ആഹാരം കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നതുംവയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് .ജ്യൂസുകള്‍ ഐസ്‌ക്രീം തുടങ്ങിയവ ശുദ്ധജലത്തിലാണ് ഉണ്ടാക്കുന്നതെന്ന് ഉറപ്പാക്കുക. ഭക്ഷ്യയോഗ്യമായ ഐസ് ആണ് പാനീയങ്ങളില്‍ ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കുക.

വേനല്‍ കടുക്കുമ്പോള്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം കൂടുന്നു. കുടിക്കാനായി ശേഖരിച്ചുവയ്ക്കുന്ന വെള്ളം അടച്ച് വൃത്തിയായി സൂക്ഷിക്കുക. വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍ വെള്ളം ശേഖരിക്കുന്നതിന് മുന്‍പ് കഴുകി വൃത്തിയാക്കുക. വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ ഇടയ്ക്കിടെ വശങ്ങള്‍ തേച്ചുരച്ച് കഴുകാന്‍ ശ്രദ്ധിക്കുക .പാത്രങ്ങള്‍ കഴുകാനും ശുദ്ധജലം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *