Your Image Description Your Image Description

സിനിമ പ്രേമികളുടെ പ്രത്യേകിച്ച് മലയാളികളുടെ ഇഷ്ട നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വേണ്ടി പലരും ഷൂട്ടിങ് ലൊക്കേഷനുകളിലും അദ്ദേഹത്തിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ വീടിനുമുന്നിലോക്കെ കാത്തിരിക്കാറുമുണ്ടാകും. തന്റെ ആരാധകർക്കായി ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

പനമ്പിള്ളി നഗറിലെ അദ്ദേഹത്തിന്റെ പഴയ വീട് ആരാധകർക്കായി തുറന്നു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ. ആരാധകർക്ക് ഈ വീടിനുള്ളിൽ കയറുകയും വേണമെങ്കിൽ താമസിക്കുകയും ചെയ്യാം. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള വാടക.

റിനോവേഷന്‍ നടത്തി ‘മമ്മൂട്ടി ഹൗസ്’ കഴിഞ്ഞ ദിവസമാണ് അതിഥികള്‍ക്ക് തുറന്നു നല്‍കിയത്. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. കെ.സി. ജോസഫ് റോഡിലെ ഈ വീട്ടിലാണ് നടൻ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചത്. ഇവിടെ നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മമ്മൂട്ടി മാറിത്താമസിച്ചിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ.

2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് ഇവിടെയാണ്. ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടില്‍ നിന്നായിരുന്നു. ഓർമ്മകൾ ഏറെയുള്ള മമ്മൂട്ടി ഹൗസിലേക്ക് ഇപ്പോഴും കുടുംബാംഗങ്ങള്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ട്. മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനായി ആരാധകർ എത്തുന്നത് പനമ്പിള്ളി നഗറിലെ ഈ വീട്ടിലേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *