Your Image Description Your Image Description

ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലെന്നാണ് കോൺഗ്രസിന് പക്ഷേ കുളിരോട് കുളിരാണ്. നനയ്ക്കുന്നത് മുഴുവൻ തരൂരും. തരൂർ എന്ത് ഭാവിച്ചാണ് എന്നാണ് മനസ്സിലാകാത്തത് ഇനി തനി കോൺഗ്രസുകാരുടെ സ്വഭാവമായ കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്നുള്ള മനോഭാവമാണോ അതോ ബിജെപിയിലേക്ക് വഴുതി മാറാനുള്ള ഗൂഢാലോചനയാണോ തരൂരിന്റെ മനസ്സിൽ എന്ന് കണ്ടറിയണം. എന്തായാലും കോൺഗ്രസുകാർക്ക് ഇടയിൽ തന്നെ ഒരു കോൺഗ്രസ് വിരുദ്ധ മനോഭാവമുള്ള ആൾ വളർന്നുവരുന്നു എന്നത് മുടിയനായ പുത്രൻ എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ഇല്ല. കുറെനാൾ പിണറായിയുടെ വികസന പ്രവർത്തനങ്ങളെ പുകഴ്ത്തുകയും അതിന്റെ പേരിൽ ധാരാളം പഴി കേൾക്കുകയും ചെയ്ത ആളാണ് തരൂർ. ഏറ്റവും ഒടുവിൽ ശിക്ഷാനടപടികളും തിരുത്തലും ചർച്ചയും ഒക്കെ കഴിഞ്ഞതിനു ശേഷം തരൂർ പിന്നെയും പിണറായിക്കൊപ്പം ഉള്ള ഒരു സെൽഫി പോസ്റ്റ് ചെയ്തുകൊണ്ട് വിവാദത്തിൽ ഇടം പിടിച്ചു. തെളിച്ച വഴിയെ പോയില്ലെങ്കിൽ പോയ വഴിയെ തെളിക്കുക എന്ന മുദ്രാവാക്യത്തിന് മുറുകെ പിടിച്ചിട്ടാണോ എന്നറിയില്ല കോൺഗ്രസുകാർ അക്കുറി മൗനം പാലിച്ചു. എന്നാൽ ഇപ്പോൾ തരൂർ വിവാദനായകൻ ആയിരിക്കുന്നത് ബിജെപി അനുഭാവ പോസ്റ്റ് പങ്കുവെച്ചതിന്റെ പേരിലാണ്. ഇക്കുറി തരൂർ പ്രശംസിച്ചു കൈയ്യടിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെയാണ്. എന്നാൽ അതിന് ചുക്കാൻ പിടിച്ചു കൊണ്ട് തരൂരിന് പ്രശംസിച്ച താങ്കളുടെ പാർട്ടിയിലേക്ക് ക്ഷണിക്കാനുള്ള ചങ്കൂറ്റം കാണിച്ചിരിക്കുകയാണ് കെ സുരേന്ദ്രനും. പുകഞ്ഞ പുള്ളികളെ ഒക്കെ എടുത്ത് അവനവന്റെ പുരയ്ക്കകത്ത് വെക്കാൻ അല്ലെങ്കിലും ബിജെപി കാരെ കഴിഞ്ഞേ ഉള്ളൂ മറ്റൊരാൾ. പിസി ജോർജിന്റെ കാര്യത്തിലും ഇതൊക്കെ തന്നെയാണല്ലോ സംഭവിച്ചത്. അന്തവും കുന്തവും ഇല്ലാതെ വിടുവായിത്തരം പറയുന്ന പിസിയെ പോലും പാർട്ടി മാറാൻ തയ്യാറായപ്പോൾ ബിജെപിക്കാർ പിടിച്ചു ഒപ്പം കൂട്ടി. അപ്പോ പിന്നെ അൽപസ് വിവരവും ബോധവുമുള്ള തരൂരിന്റെ കാര്യം പറയണോ. തരൂരിനെപ്പോലെ ഒരു നേതാവിനെ കിട്ടിയാൽ ബിജെപിക്ക് എന്താ പുളിക്കുമോ. പക്ഷേ കോൺഗ്രസ് നേതൃത്വത്തിന് പുളിപ്പ് ഒഴിഞ്ഞിട്ട് നേരമില്ല എന്ന മട്ടിലാണ് കാര്യങ്ങൾ. ഇനി ഇതിന്റെ പേരിൽ തരൂർ എന്തൊക്കെയാണ് വിമർശനം കേൾക്കേണ്ടി വരുന്നത് എന്ന് കാത്തിരുന്ന് കാണണം.. സുരേന്ദ്രതൻറെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു . തരൂരിന്റെ ആത്മാർഥതയെ അഭിനന്ദിക്കുന്നതായും മറ്റു കോൺ​ഗ്രസുകാരിൽനിന്ന് താങ്കൾ വ്യത്യസ്ഥനാണെന്നും സുരേന്ദ്രൻ എക്സിൽ കുറിച്ചു.പ്രിയപ്പെട്ട ശശി തരൂർ ജി, ഞാൻ എപ്പോഴും നിങ്ങളുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. ആദ്യം താൻ അതിനെ എതിർക്കുന്നുവെന്ന് പ്രതികരിക്കുകയും ഇപ്പോൾ മോദിപ്ലോമസിയുടെ വിജയമാണ് റഷ്യ-യുക്രൈൻ വിഷയത്തിലിണ്ടായതെന്നും പറയുന്ന താങ്കളുടെ നിലപാട് പ്രശംസനീയമാണ്. മറ്റു കോൺ​ഗ്രസുകാരിൽനിന്ന് വ്യത്യസ്ഥനായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആ​ഗോള ഉയർച്ച നിങ്ങൾ കാണുന്നു’, സുരേന്ദ്രൻ എക്സ് പോസ്റ്റിൽ പറഞ്ഞു.അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുക്കൊണ്ടുള്ള ശശി തരൂരിന്റെ പരാമർശം കോൺ​ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.
2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. അന്നത്തെ മണ്ടത്തരം ഞാന്‍ തിരുത്തുന്നു. റഷ്യ, യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നു. എന്നാൽ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായി. ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്കും സ്വീകര്യനായ നേതാവായി മാറാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞു. രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ട്, എന്നായിരുന്നു ശശി തരൂരിന്റെ പ്രശംസ. തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ കോൺ​ഗ്രസ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *