Your Image Description Your Image Description

കൊട്ടാരക്കരയിലെ ഇത്തവണത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി 24 ചാനലിന്റെ അമരക്കാരൻ ശ്രീകണ്ഠൻ നായർ ആയിരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ചൂട് പിടിക്കുന്നു. വർഷങ്ങളോളമായി ഇട്ടതുപക്ഷത്തിന്റെ തട്ടകം തന്നെയായിരുന്ന കൊട്ടാരക്കരയിലെ നിലവിലെ എംഎൽഎ കെ എൻ ബാലഗോപാൽ ആണ്. എന്നാൽ ബാലഗോപാലിന്റെ പ്രവർത്തനങ്ങളോട് പാർട്ടി നേതൃത്വത്തിന് തന്നെ അതൃപ്തി ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാലഗോപാലിന് മുന്നേ കൊട്ടാരക്കര എംഎൽഎയായിരുന്ന ഇടതുപക്ഷത്തിന്റെ തന്നെ സാരഥി ആയിഷ പോറ്റിയെ മാറ്റിയിട്ടാണ് ആ സ്ഥാനത്തേക്ക് ബാലഗോപാലിനെ സ്ഥാനാർത്ഥിയായി 2021ൽ പരിഗണിച്ചത്.എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി തന്നെ അതൊരു തെറ്റായ തീരുമാനമായിരുന്നു എന്ന് പാർട്ടി നേതൃത്വത്തിന് തന്നെ തോന്നിയിരുന്നു. ആയിഷ പോറ്റി 83443 വോട്ടുകൾ നേടി മൊത്തം വോട്ടുകളുടെ 55.44% ൽ തുടർച്ചയായി വിജയിച്ച അതേ മണ്ഡലത്തിൽ തന്നെയാണ് പിന്നീട് ബാലഗോപാൽ മത്സരിച്ചപ്പോൾ വിജയിച്ചു എങ്കിലും 68770 വോട്ടുകൾ നേടി മൊത്തം വോട്ടിന്റെ 45.98% മാത്രമായി ചുരുങ്ങിയത്. ഐഷാ കൊട്ടാരക്കര മണ്ഡലത്തിൽ പ്രവർത്തനങ്ങളിൽ സജീവ പങ്കാളി ആയിരുന്നെങ്കിലും ബാലഗോപാൽ അധികാരത്തിൽ വന്നതിനുശേഷം കൊട്ടാരക്കരയിലേക്ക് തിരിഞ്ഞു നോക്കുന്നത് പോലും വളരെ കുറവായി എന്ന് മാത്രമല്ല ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളുടെ നിസ്സാര കാര്യങ്ങൾക്ക് പോലും പരിഹാരം കാണാൻ കഴിയാത്ത തരത്തിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഒരല്പം പോലും ഉയരാൻ കഴിയാത്ത ഒരു സാഹചര്യമാണ് സൃഷ്ടിച്ചത്. പൊതുജനങ്ങളുടെ പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ നിരുത്തരവാദിത്വം കൊണ്ട് തന്നെ പാർട്ടിയോടുള്ള വിശ്വാസം പോലും ഏറെക്കുറെ നഷ്ടമായ ജനങ്ങൾക്കിടയിലാണ് ഇടതുപക്ഷം ഇത്തവണ ശ്രീകണ്ഠൻ നായരെപ്പോലെ ശക്തനായ ഒരു പോരാളിയെ രംഗത്തിറക്കുന്നത്. ശ്രീകണ്ഠൻ നായർ കൊട്ടാരക്കരയുടെ തുടിപ്പും ശ്വാസവും അറിയുന്ന നാട്ടുകാരൻ കൂടിയാണ്. കൊട്ടാരക്കര ജന്മനാടായ ശ്രീകണ്ഠൻ നായരുടെ ആദ്യകാല പ്രവർത്തനങ്ങൾ എല്ലാം കൊട്ടാരക്കരയെ കേന്ദ്രീകരിച്ച് തന്നെയായിരുന്നു. എന്നാൽ പിന്നീട് ഇടക്കാലത്ത് കൊട്ടാരക്കരയിൽ നിന്നും വിട്ടു നിന്നെങ്കിലും ഈ അടുത്തകാലത്തായി ആ നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും ശ്രീകണ്ഠൻ നായർ സജീവ പങ്കാളിയാണ്. പാർട്ടിയുടെ ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ വച്ച് നടന്നപ്പോഴും ക്ഷണിക്കപ്പെട്ട അതിഥിയായി എസ് കെ യുടെ സാന്നിധ്യം അതിന്റെ മാറ്റ് കൂട്ടി എന്ന് പറയാതെ വയ്യ. ഔദ്യോഗിക തിരക്കുകളിൽ നിന്നൊക്കെ മാറി നിന്നുകൊണ്ട് ഇത്തരമൊരു പാർട്ടി പരിപാടിക്ക് എസ് കെ പങ്കെടുക്കുന്നത് അപൂർവമായ കാര്യമാണ്. അന്നുതന്നെ എസ്കെ ആവും കൊട്ടാരക്കരയുടെ അടുത്ത ഇടതുപക്ഷ സാരഥി എന്ന കാര്യത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതിനു പിന്നാലെ സ്വന്തം നാട്ടിൽ തന്നെ 24 ന്റെ ഒരു ബ്യൂറോ കൂടി അദ്ദേഹം ആരംഭിച്ചതോടുകൂടി അഭ്യൂഹങ്ങളൊക്കെ ശരിവയ്ക്കുന്ന തരത്തിലുള്ള നിഗമനങ്ങളും ചർച്ചകളും ആണ് പിന്നീട് നടന്നത്. ഒരുകാലത്ത് കൊട്ടാരക്കരയുടെ സമാന്തര വിദ്യാഭ്യാസ മേഖലയിൽ വലിയ പങ്കാളിത്തം കാഴ്ചവച്ച ആ നാട്ടിൽ ജനിച്ചു വളർന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയ എസ് കെ എന്ന ശ്രീകണ്ഠൻ നായർ അഭ്രപാളിയിൽ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുമ്പോൾ വൻജന സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തിൽ നിശ്ശേഷം സംശയമില്ല. ബാലഗോപാലിന്റെ ഭരണ പരാജയത്തെ മറികടന്നുകൊണ്ട് വീണ്ടും കൊട്ടാരക്കരയുടെ സാരഥ്യത്യത്തിലേയ്ക്ക് ഇടതുപക്ഷം വരണമെങ്കിൽ അവിടെ മത്സരിക്കുന്നത് അത്രയും കരുത്തനായ ഒരു പോരാളി തന്നെയായിരിക്കണം .അതിന് sk യോളം മികച്ച ഒരാളില്ല എന്ന് ഇടതുപക്ഷത്തിന്റെ നിഗമനം ഒരു തരത്തിലും തെറ്റാൻ വഴിയില്ല. കൊട്ടാരക്കര മണ്ഡലത്തിലെ ഈ അടുത്ത നാളുകളിൽ ഉള്ള മിക്ക പാർട്ടി പരിപാടികളിലും മറ്റ് പ്രാദേശിക പരിപാടികളിലും എസ് കെ യുടെ സാനിധ്യം ശ്രദ്ധേയമായി. ഇതിനൊക്കെ പുറമേ കഴിഞ്ഞ പതിറ്റാണ്ടുകളായി മാധ്യമ രംഗത്ത് അതികായനായി നിൽക്കുന്ന ശ്രീകണ്ഠൻ നായരെ പോലെ ഒരാൾക്ക് രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയക്കാരുടെയും ഓരോ നാടിന്റെയും ഒഴുക്കിന്റെയും വളർച്ചയുടെയും ഗതി എങ്ങോട്ടാണെന്നും അത് ഏതുതരത്തിൽ തിരിക്കണം എന്നുമുള്ള വ്യക്തമായ ധാരണയുണ്ടാകും. കടലിനെ അറിയുന്നവനെ തന്നെ കപ്പിത്താൻ ആക്കുന്നതുപോലെ തന്നെയാണ് കൊട്ടാരക്കരയെ അത്രയുമടുത്ത് അറിയുന്ന എസ്കെയുടെ കൈയ്യിൽ കൊട്ടാരക്കരയെ ഇടതുപക്ഷം ഏൽപ്പിക്കുന്നത്. ഇനി ഇതൊന്നുമല്ല സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇതേ മണ്ഡലത്തിൽ മത്സരിക്കുകയാണ് എങ്കിൽപോലും ബാലഗോപാലിനെക്കാൾ മികച്ച ഭൂരിപക്ഷം നേടിക്കൊണ്ടുതന്നെ ശ്രീകണ്ഠൻ നായർക്ക് കൊട്ടാരക്കരയുടെ ഭരണചക്രം തിരിക്കാം എന്ന കാര്യം ഉറപ്പാണ്.ശ്രീകണ്ഠൻ നായരുടെ പേര് തിരഞ്ഞെടുപ്പ് ചർച്ചകളിൽ മുഴങ്ങി കേൾക്കുമ്പോൾ ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടിയാണു ഇനി നാട് കാത്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *