Your Image Description Your Image Description

ഒരു കൊല്ലത്തിനിടെ ഉത്പാദിപ്പിച്ചത് 600 ടണ്‍ പച്ചക്കറി. നല്‍കിയത് വി.എഫ്.പി.സി.കെയുടെ എലവഞ്ചേരി സ്വാശ്രയ കര്‍ഷകസമിതിക്ക്. ലഭിച്ച വരുമാനം 1.15 കോടി. ‘കര്‍ഷക കോടിപതി’യായി , എലവഞ്ചേരി പനങ്ങാട്ടിരി സ്വദേശി ശിവദാസന്‍. പത്താംക്ലാസ് പഠനശേഷം തൂമ്പയെടുത്ത് മണ്ണിലിറങ്ങി കഠിനാദ്ധ്വാനം നടത്തിയതിന്റെ ഫലമാണിന്ന് കോടിപതിയാക്കിയത് .

വി.എഫ്.പി.സി.കെയുടെ 24 വര്‍ഷത്തെ ചരിത്രത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു കര്‍ഷകന് ഉത്പന്നവിലയായി ഇത്രയുംവലിയ തുക ഒരു സാമ്പത്തികവര്‍ഷം കൈമാറുന്നത്. സ്വന്തമായുള്ള എട്ടേക്കറിലും പാട്ടത്തിനെടുത്ത 10 ഏക്കറിലുമാണ് ശിവദാസന്റെ കൃഷി. 12 ഏക്കറില്‍ പാവയ്ക്ക, അഞ്ചേക്കറില്‍ പടവലം, ഒരേക്കറില്‍ പയര്‍, ഇടവിളയായി പീച്ചിങ്ങ, വെണ്ട, കുമ്പളം, മത്തന്‍ ഇങ്ങനെ പോകുന്നു പച്ചക്കറികൾ .

ഹൈബ്രിഡ് വിത്തുകള്‍ക്കാണ് കൃഷിയില്‍ പ്രധാന പരിഗണന. നാടന്‍ ഇനങ്ങളില്‍ മികച്ച വിളവുള്ളത് തിരഞ്ഞെടുക്കും. ഒരു കിലോ സങ്കരയിനം പാവല്‍ വിത്തിന് 2,500 രൂപ. ഹൈബ്രിഡിന് 16,000 രൂപ. പടവലത്തിനും അങ്ങനെതന്നെ. പ്രീതി എന്നയിനം പാവയ്ക്കക്ക് കിട്ടുന്ന വില , കിലോയ്ക്ക് ശരാശരി 40 രൂപ. മായ എന്ന ഇനത്തിന് 30-32 രൂപ വരെ കിട്ടും . പടവലത്തിന്റെ വില മിക്കപ്പോഴും കിലോയ്ക്ക് 15-20 രൂപ വരെ മാത്രമേ കിട്ടൂ .

രണ്ട് സീസണുകളായാണ് കൃഷി ചെയ്യുന്നത് . ഏപ്രില്‍ ആദ്യം പാവലും പടവലവും അവസാനം പയറും വിത്തിറക്കും. സെപ്തംബറില്‍ രണ്ടാം സീസണില്‍ പടവലവും പയറും. കോണ്‍ക്രീറ്റ് കാലുകളില്‍ ജി.ഐ കമ്പി വലിച്ചു തയ്യാറാക്കിയ സ്ഥിരം പന്തലിലാണ് കൃഷി യിറക്കുന്നത് .

ആദ്യ സീസണില്‍ ഏക്കറിന് ശരാശരി 2.5 ലക്ഷം രൂപ ചെലവാകും. രണ്ടാം സീസണില്‍ അതേ തടത്തില്‍ ത്തന്നെ കൃഷി ചെയ്യുന്നതിനാല്‍ ചെലവ് കുറയും. രണ്ട് സീസണിലുമായി ശരാശരി ചെലവ് മൂന്നു ലക്ഷം രൂപയാണ് ചിലവ് വരുന്നത് .

നമ്മുടെ ഇടയിൽ ഇങ്ങനെ പച്ചക്കറി കൃഷി ചെയ്യുന്ന ധാരാളം കർഷകരുണ്ട് , പക്ഷെ വ്യാപകമായി കൃഷി ചെയ്യുന്നവർ കുറവാണ് . നമുക്കിഷ്ടം രാസ മരുന്നുകൾ തളിച്ച പച്ചക്കറികൾ വാങ്ങി ഉപയോഗിക്കാനാ , നമ്മുടെ പറമ്പുകൾ തരിശായി ഇട്ടിട്ടാണ് നമ്മൾ ഈ വിഷം തളിച്ച പച്ചക്കറികൾ വാങ്ങാൻ മാർക്കറ്റിലിലേക്കോടുന്നത്.

നമ്മുടെ വീട്ടുമുറ്റത്ത് പോലും നമുക്കാവശ്യമുള്ള പച്ചക്കറികൾ വിളയിച്ചെടുക്കാൻ പാട്ടും , അതിനായി അൽപ്പ സമയം കണ്ടെത്തണം അത്രമാത്രം . അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മാരക വിഷം തളിച്ച പച്ചക്കറികൾ കഴിച്ചു ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വിലകൊടുത്ത് വാങ്ങാനാണ് നമുക്ക് താൽപ്പര്യം .

Leave a Reply

Your email address will not be published. Required fields are marked *