Your Image Description Your Image Description

അതിശക്തമായി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന അണ്ണാമലൈയോട് സ്റ്റാലിന് ഭയം. അതിന്റെ തെളിവുകളാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ക്ക് മദ്യം വിതരണം ചെയ്യുന്ന കേരളത്തിലെ ബിവറേജസിന് സമാനമായ തമിഴ്നാട്ടിലെ ടാസ്മാകില്‍ 1000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ഇഡി വെളിപ്പെടുത്തലിന് പിന്നാലെ സമരം ചെയ്യാന്‍ പുറപ്പെട്ട അണ്ണാമലൈയെ അറസ്റ്റ് ചെയ്തത് വഴി സ്റ്റാലിനുള്ളിലെ അണ്ണാമലൈഭയം ആണ് പുറത്തുവന്നതെന്ന് വിലയിരുത്തല്‍. അണ്ണാമലൈയെ മാത്രമല്ല, തമിഴിശൈ സൗന്ദര്‍രാജന്‍, കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എ വനതി ശ്രീനിവാസന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ എഗ്മോറിലെ ടാസ്മാക് ആസ്ഥാനത്തായിരുന്നു അണ്ണാമലൈയുടെ സമരം പ്രഖ്യാപിച്ചിരുന്നത്. സമരത്തിനായി ഇറങ്ങുമ്പോഴാണ് അണ്ണാമലൈയെ അറസ്റ്റ് ചെയ്തത്. മറ്റു നേതാക്കളെയും സമാനരീതിയില്‍ ആണ് അറസ്റ്റ് ചെയ്തത്. ഇത് വഴി ടാസ് മാകിലെ ആയിരം കോടിയുടെ അഴിമതിയെ മറയ്‌ക്കാനാണ് സ്റ്റാലിന്റെ ശ്രമം. ടാസ്മാകിലെ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം അഴിമതിയില്‍ പങ്കാളികളാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഉന്നത ഉദ്യോഗസ്ഥരെ പിടികൂടിയാല്‍ അത് രാഷ്‌ട്രീയക്കാരിലേക്ക് നീങ്ങുമെന്ന ഭയമാണ് സ്റ്റാലിനുള്ളത്. എന്തായാലും സ്റ്റാലിന്റെയും കൂട്ടരുടെയും കള്ളങ്ങള്‍ ഓരോന്നായി തമിഴര്‍ക്കുമുന്നില്‍ പൊളിഞ്ഞുവീഴുകയാണ്. ഏതെങ്കിലും മൂന്ന് ഭാഷ പഠിക്കണമെന്നല്ലാതെ ഹിന്ദി നിര്‍ബന്ധമായും പഠിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയത്തില്‍ എവിടെയും പറയുന്നില്ല. എന്നിരിക്കെയാണ് സ്റ്റാലിനും കൂട്ടരും ഹിന്ദി നിര്‍ബന്ധമാക്കുന്നു എന്ന നുണ പ്രചരിപ്പിച്ച് ബിജെപിയെ തമിഴ്നാടിനെ നശിപ്പിക്കാന്‍ വരുന്ന വിപത്തായി അവതരിപ്പിക്കുന്നത്. ഈ കള്ളം പൊളിക്കാന്‍ അണ്ണാമലൈയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. അഭ്യസ്തവിദ്യരായ തമിഴ്നാട്ടുകാര്‍ക്കിടയില്‍ കൃത്യമായ സന്ദേശം എത്തിക്കാന്‍ അണ്ണാമലൈയ്‌ക്ക് സാധിച്ചു. രൂപയുടെ ചിഹ്നം രൂ എന്ന തമിഴ് ലിപിയാക്കി മാറ്റിയത് വഴി രൂപയ്‌ക്ക് പുതിയ ചിഹ്നം കണ്ടെത്തിയ ഡിഎംകെയുടെ മുന്‍എംഎല്‍എയുടെ മകനെ അപമാനിക്കുകയായിരുന്നു സ്റ്റാലിന്‍ എന്ന അണ്ണാമലൈയുടെ വെളിപ്പെടുത്തലും തമിഴ്നാട്ടില്‍ പലരുടെ മനസ്സിലും കുറിക്കുകൊണ്ടിരിക്കുന്നു. ഇങ്ങിനെ ദ്രാവിഡ കള്ളങ്ങള്‍ ഒന്നൊന്നായി പൊളിക്കുന്ന അണ്ണാമലൈയോട് സ്റ്റാലിനുള്ളില്‍ ഭയം വര്‍ധിക്കുന്നു എന്നതാണ് അറസ്റ്റില്‍ കലാശിച്ചിരിക്കുന്നത്. എന്നാല്‍ ഈ അറസ്റ്റ് കൊണ്ടൊന്നും കെട്ടടങ്ങുന്നതല്ല അണ്ണാമലൈയുടെ സമരജ്വാല. ഇഡിയുടെ അന്വേഷണം മുറുകിയാല്‍ ഇനിയും ഡിഎംകെയുടെ രഹസ്യങ്ങള്‍ പലതും അങ്ങാടിപ്പാട്ടാകും. ഇത് പുതിയ സമരമുഖങ്ങള്‍ക്ക് തമിഴ്നാട്ടില്‍ വഴി തുറക്കും എന്നുറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *