Your Image Description Your Image Description

കൊല്ലം: കേരള സാക്ഷരത മിഷൻ നടത്തുന്ന അടിസ്ഥാന സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി ക്ലാസുകളിലേക്കുള്ള തുല്യത കോഴ്‌സുകൾ, പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാക്ഷരത, നാല്, ഏഴ് എന്നിവയ്ക്ക് ഫീസ് ഇല്ല. അപേക്ഷകർക്ക് 15 വയസ് പൂർത്തിയായിരിക്കണം. പത്താംതരം തുല്യതാ കോഴ്‌സിന് 100 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പടെ 1,950 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർ രജിസ്‌ട്രേഷൻ ഫീസായ 100 രൂപ മാത്രം അടച്ചാൽ മതി. അപേക്ഷകർക്ക് 2025 മാർച്ച് ഒന്നിന് 17 വയസ് പൂർത്തിയായിരിക്കണം.
ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് 300 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പടെ 2,600 രൂപയാണ് അടയ്ക്കേണ്ടത്.

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് രജിസ്‌ട്രേഷൻ ഫീസായ 300 രൂപ അടച്ചാൽ മതി. 2025 മാർച്ച് ഒന്നിന് 22 വയസ് പൂർത്തിയായിരിക്കണം. ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകൾ മാത്രമാണുള്ളത്. പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്‌സുകൾക്ക് ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും സമ്പർക്ക ക്ലാസുകൾ ഉണ്ടാകും. ആറ് മാസത്തെ പച്ചമലയാളം അടിസ്ഥാന കോഴ്‌സിന് 500 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പടെ 4,000 രൂപയാണ് അടയ്ക്കേണ്ടത്. രജിസ്‌ട്രേഷൻ സമയത്ത് 17 വയസ് പൂർത്തിയാകണം.

പച്ചമലയാളം കോഴ്‌സിന് ഏപ്രിൽ 12 വരെയും മറ്റു കോഴ്‌സുകൾക്ക് ഏപ്രിൽ 30 വരെയും kslma.ketlron.in വഴി അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിലെ സാക്ഷരതാമിഷൻ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനിലും പ്രവർത്തിക്കുന്ന സാക്ഷരതാ പ്രേരക്മാർ മുഖേനയും അപേക്ഷിക്കാനും അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *