Your Image Description Your Image Description

വാഷിങ്ടണ്‍: ഇന്ത്യയുടെ അയൽ രാജ്യക്കാർക്കുൾപ്പെടെ 41ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ഒരുങ്ങി അമേരിക്ക. രാജ്യത്തെ അനധികൃത കുടിയേറ്റം ഒഴിവാക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരന്മാര്‍ക്ക് വിസാ വിലക്കുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് പുതിയ നീക്കമെന്നാണ് സൂചന. ഇതോടെ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ പൗരന്മാർക്കടക്കം നിയന്ത്രണങ്ങള്‍ വരും.

ആദ്യത്തെ പത്ത് രാജ്യങ്ങൾ ഉൾപ്പെട്ട ആദ്യ പട്ടികയിൽ അഫ്ഗാനിസ്ഥാന്‍, ക്യൂബ, ഇറാന്‍, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, വെനസ്വേല, യെമന്‍ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ഇവിടെ നിന്നുള്ളവരുടെ വിസ പൂര്‍ണമായും റദ്ദാക്കും. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാം പട്ടികയിലുള്ളത്. ഇവര്‍ക്ക് വിസ അനുവദിക്കുന്നതില്‍ ഭാഗിക നിയന്ത്രണമാണ് ഉണ്ടാവുക. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകള്‍ അനുവദിക്കുന്നതിലാണ് നിയന്ത്രണം.

മൂന്നാമത്തെ പട്ടികയിൽ 26 രാജ്യങ്ങളാണ് ഉള്ളത്. പാകിസ്താന്‍,തുര്‍ക്ക്‌മെനിസ്താന്‍, അങ്കോള, ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡ, കംബോഡിയ, കാമറൂണ്‍, ഭൂട്ടാന്‍, ബെലാറസ്, ബെനിന്‍, ബുര്‍ക്കിനാഫാസോ, കാബോ വെര്‍ഡെ, ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയല്‍ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിറ്റീനിയ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആന്‍ഡ് പ്രിന്‍സിപ്പെ, സിയെറ ലിയോണ്‍, ഈസ്റ്റ് തിമോര്‍, വനുവാതു തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. 60 ദിവസത്തിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കില്‍ ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *