Your Image Description Your Image Description

ന്യൂഡൽഹി: മൃ​ഗങ്ങൾക്ക് നൽകാറുള്ള ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നീ ആൻ്റി-ബയോട്ടിക്കുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഈ ആന്റി-ബിയോട്ടിക്കുകൾ അടങ്ങിയ എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപ്പന, വിതരണം എന്നിവയാണ് നിരോധിച്ചത്. ഈ മരുന്നുകളുടെ ദുരുപയോ​ഗം മൃ​ഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന ഡ്ര​ഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

കോഴിത്തീറ്റയിലും കാലിത്തീറ്റയിലും ഉൾപ്പെടെ സപ്ലിമെന്റായി ഈ ആന്റിബയോട്ടിക്കുകൾ ഉപയോ​ഗിക്കാറുണ്ട്. മനുഷ്യരിൽ മൂത്രാശയ അണുബാധയുടെയും മറ്റും ചികിത്സയ്ക്കാണ് ഇവ ഉപയോ​ഗിക്കുന്നത്. അസ്ഥിമജ്ജയ്ക്ക് തകരാറ്, വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങൾക്ക് ഈ ആന്‍റിബയോട്ടിക്കുകള്‍ കാരണമാകുമെന്നാണ് കണ്ടെത്തൽ. 2018 ല്‍ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ മാംസം, മുട്ട, സമുദ്രവിഭവങ്ങൾ, മത്സ്യബന്ധന ഉൽപ്പന്നങ്ങൾ എന്നിവയുടെ സംസ്കരണത്തിൽ ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നിവയുൾപ്പെടെ നിരവധി ആൻറിബയോട്ടിക്കുകളുടെയും വെറ്ററിനറി മരുന്നുകളുടെയും ഉപയോഗം നിരോധിച്ചിരുന്നു.

ലോകാരോഗ്യ സംഘടന വളരെ പ്രധാനപ്പെട്ട ആന്റിമൈക്രോബയൽ (HIA) ആയി അംഗീകരിച്ച ആന്റിബയോട്ടിക്കാണ് ക്ലോറാംഫെനിക്കോൾ. ഉപരിപ്ലവമായ നേത്ര അണുബാധ, എന്ററിക് പനി, ടൈഫോയ്ഡ് പനി, അക്യൂട്ട് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് തുടങ്ങിയ അണുബാധകളുടെ ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നു. കോഴി വളർത്തലിലും മൃഗങ്ങളുടെ തീറ്റയിലും ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നിവയുടെ ദുരുപയോഗം കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന പ്രധാനപ്പെട്ട ആന്റിമൈക്രോബയലുകൾ (IA) ആയി തരംതിരിച്ചിട്ടുള്ള, നൈട്രോഫുറാൻ ഡെറിവേറ്റീവുകൾ നൈട്രോഫുറാന്റോയിൻ പോലെയുള്ളവ മൂത്രനാളിയിലെ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *