Your Image Description Your Image Description

ലോകപ്രശസ്ത പോപ് ഗായിക മരിയ കാരി മദ്യത്തിന് അടിമയെന്ന് റിപ്പോർട്ട്. മരിയ രാത്രി വൈകുവോളം മദ്യപിക്കുമെന്നും ആരുടെയും വാക്കുകൾ ചെവിക്കൊള്ളാറില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. അമിത മദ്യപാനം മരിയയുടെ കരിയറിനെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു എന്നും സു​ഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ചടുല ചലനങ്ങളുമായി വേദികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന മരിയ ഇപ്പോൾ വളരെ പ്രയാസപ്പെട്ടാണ് പ്രോ​ഗ്രാം അവതരിപ്പിക്കുന്നതത്രെ.

മദ്യപാനം മാത്രമല്ല, ഉറക്കക്കുറവും താരത്തെ അലട്ടുന്നുണ്ട്. ജങ്ക് ഫുഡിന്റെ അമിത ഉപയോ​ഗവും മരിയയുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് സു​ഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വർഷമാണ് മരിയയുടെ അമ്മയും സഹോദരിയും മരിച്ചത്. അത് താരത്തിന് വലിയ ആഘാതമായിരുന്നു. ഇതിന് പിന്നാലെയാണ് മരിയ മദ്യത്തിൽ അഭയം തേടിയത്.

തനിക്കു തീവ്ര വിഷാദരോഗമുണ്ടെന്നു മരിയ 2018ൽ പറഞ്ഞിരുന്നു. 2001 ൽ മാനസിക ചികിൽസയ്‌ക്കു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മരിയ തിരിച്ചുവരവ് നടത്തിയത് അന്നത്തെ വലിയ വാർത്തയായിരുന്നു. താനഭിനയിച്ച ഗ്ലിറ്റർ എന്ന ചിത്രം പരാജയപ്പെട്ടതാണ് മരിയയെ വിഷമസ്ഥിതിയിലാക്കിയത്. ഇതിനുശേഷം അവർ സംഗീതലോകത്തേക്കു തിരിച്ചു വന്നത് മൂന്നു ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയാണ്.

പോപ് സംഗീതലോകത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളാണു മരിയ. 22 കോടിയിലധികം റെക്കോർഡുകൾ അവരുടേതായി വിറ്റഴിഞ്ഞിട്ടുണ്ട്. അനേകം ബിൽബോർഡ് നേട്ടങ്ങളും ഈ ഗായിക കരസ്ഥമാക്കിയിട്ടുണ്ട്. 14 ആഴ്‌ച തുടർച്ചയായി ബിൽബോർഡ് ഹിറ്റ് ചാർട്ടിൽ ഒന്നാം സ്‌ഥാനം നേടി 2005 ലെ പോപ് റാണി പട്ടം അവർ നേടിയിരുന്നു. 1994ൽ ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് ഈസ് യു എന്ന ഗാനം തരംഗം തീർത്തു. ഇന്നും റോയൽറ്റി ഇനത്തിൽ മരിയയ്ക്ക് ഈ ഗാനം വരുമാനം നേടിക്കൊടുക്കുന്നുണ്ട്.

മരിയയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്തയാകാറുണ്ട്. 1993ൽ ടോമി മോട്ടോല എന്ന സംരംഭകനെ ആഢംബരപൂർണമായ ഒരു ചടങ്ങിൽ മരിയ വിവാഹം കഴിച്ചു. എന്നാൽ ദാമ്പത്യത്തിലെ താളപ്പിഴകൾ മൂലം 1996ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് ബേസ്ബോൾ കളിക്കാരനായ ഡെറക് ജെറ്ററുമായും ഗായകൻ ലൂയി മിഗലുമായും പ്രണയബന്ധങ്ങളുണ്ടായെങ്കിലും ഇവ വിവാഹത്തിലെത്തിയില്ല.

2008ൽ കൊമീഡിയൻ നിക് കാനനെ മരിയ രണ്ടാമത് വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ 2 കുട്ടികളും ഉണ്ടായി. 2016ൽ ദമ്പതിമാർ വേർപിരിഞ്ഞു. പിന്നീട് ശതകോടീശ്വരൻ ജയിംസ് പാർക്കർ, നർത്തകൻ ബ്രയൻ ടനാക തുടങ്ങിയവരുമായി മരിയയുടെ പേര് ഉയർന്നു കേട്ടിരുന്നു. അപാരമായ ആലാപനശൈലിക്കൊപ്പം മരിയയുടെ സൗന്ദര്യവും പ്രശസ്തി നേടിയിരുന്നു. അമേരിക്കയിലെ ഏറ്റവും മനോഹരമായ കാലുള്ളവർക്കായി ഏർപ്പെടുത്തിയ ‘സെലിബ്രിറ്റി ലെഗ്‌സ് ഓഫ് എ ഗോഡസ്’ അവാർഡ് 2006ൽ ആദ്യമായി നേടിയതു മരിയയാണ്. പിന്നാലെ മരിയ തന്റെ കാലുകൾ 4500 കോടി രൂപയ്‌ക്ക് ഇൻഷുർ ചെയ്‌തതും വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *