Your Image Description Your Image Description
Your Image Alt Text

ദില്ലി: ശൈത്യം കടുത്തതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാരുകള്‍. ദില്ലി, രാജസ്ഥാൻ, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിൽ അഞ്ചാം ക്ലാസ് വരെ എല്ലാ സ്കൂളുകളും ജനുവരി 12 വരെ അവധിയായിരിക്കും. രാജസ്ഥാനില്‍ ജനുവരി 13 വരെയാണ് അവധി നല്‍കിയിട്ടുള്ളത്. എട്ടാം ക്ലാസ് വരെ മാത്രമാകും അവധി ബാധകം. തെലങ്കാനയില്‍ ജനുവരി 12 മുതല്‍ 17 വരെയാണ് അവധി.

എന്നാല്‍, ഇന്‍റര്‍മീഡിയറ്റ് ക്ലാസുകള്‍ക്ക് ജനവരി 13 മുതല്‍ 17 വരെയാകും അവധി. നോയ്ഡയില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്ക് ജനുവരി 14വരെ അവധി നല്‍കിയിട്ടുണ്ട്. എല്ലാ സ്കൂളുകള്‍ക്കും ഈ അവധി ബാധകമാണ്. ജനുവരി ഒന്ന് മുതല്‍ 15 വരെ എല്ലാ സ്കൂളുകള്‍ക്കും ഹരിയാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 16ന് സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങും. എട്ടാം ക്ലാസ് വരെ ലക്നൗവിലെ എല്ലാ സ്കൂളുകള്‍ക്കും ജനുവരി 10 വരെ അവധിയാണ്.

ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ മുടക്കമില്ലാതെ നടക്കും. അതേസമയം, രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശൈത്യം കടുത്തപ്പോള്‍ കഠിനമായ ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ജനുവരി ആദ്യ ആഴ്ച വലിയ ചൂട്  പ്രതീക്ഷിക്കാവുന്ന സമയമല്ല. എന്നിട്ടും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്  കേരളത്തിലായിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിലും തിരുവനന്തപുരത്തുമായിരുന്നു. തിരുവനന്തപുരത്തും പുനലൂരും 35.4 ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തി. സാധാരണ ഈ കാലയളവില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ മൂന്നു മുതല്‍ 5 ഡിഗ്രിവരെയാണ് ചൂട് കൂടിയിട്ടുള്ളത്.  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ജനുവരി അഞ്ചിന് രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *