Your Image Description Your Image Description

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് മഞ്ജു പിള്ള. വ്യക്തിജീവിതത്തെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. യാത്രകളും അനുഭവങ്ങളും തന്നെ മാറ്റിയെന്നും എന്നാൽ വേണ്ടപ്പെട്ടവരെ പറഞ്ഞാൽ പ്രതികരിക്കുമെന്നും മഞ്ജു പറയുന്നു.

മുൻപൊക്കെ എല്ലാവരോടും ഒരുപോലെ ഇടപഴകുന്ന ആളായിരുന്നു താനെന്നും ഇപ്പോൾ അതിനു കഴിയുന്നില്ലെന്നും മഞ്ജു പിള്ള പറയുന്നു. ”പണ്ടൊക്കെ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ ഞാൻ പ്രതികരിക്കുമായിരുന്നു. പക്ഷേ എന്റെ യാത്രകളും വായനകളും അനുഭവങ്ങളുമൊക്കെ എന്നെ മാറ്റി. എന്നെ ദ്രോഹിച്ച ഒരാൾ എന്റെ മുന്നിൽ വന്നു നിന്നാലും ഞാൻ ചിരിക്കും. പക്ഷേ, അങ്ങനെ മിണ്ടാതിരിക്കുന്ന ആളല്ല. എന്റെ മോളെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ പ്രതികരിക്കും. അത് മ‍ഞ്ജു പിള്ള ആയതു കൊണ്ടല്ല, അവളുടെ അമ്മ ആയതുകൊണ്ടാണ്. എന്റെ വേണ്ടപ്പെട്ടവരെ പറഞ്ഞാലും എനിക്ക് കൊള്ളും.

പണ്ടൊക്കെ ഞാൻ പുറത്തേക്കിറങ്ങിയാൽ എല്ലാവരെയും ഒരുപോലെ കണ്ട്, കെട്ടിപ്പിടിച്ച്, സംസാരിച്ച് ഫോട്ടോ എടുക്കുമായിരുന്നു. പക്ഷേ ഇപ്പോളത്തെ സാഹചര്യം അങ്ങനെയല്ല. സോഷ്യൽ മീഡിയയൊക്കെ ഒരുപാട് മോശമായി. നമ്മൾ ഒരു നല്ല പോസ്റ്റ് ഇട്ടാൽ പോലും അതിന്റെ അടിയിൽ മോശമായി എഴുതുന്ന ആളുകളുണ്ട്. ഇവരൊക്കെയായിരിക്കും നമ്മൾ പുറത്തിറങ്ങുമ്പോൾ നമുക്കൊപ്പം ഫോട്ടോ എടുക്കാൻ വരുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ പുറത്തിറങ്ങുമ്പോൾ കൊച്ചു കുട്ടികളും മുതിർന്നവരും അല്ലാത്ത എല്ലാവരോടും ഞാൻ ഒരകലം പാലിച്ചേ നിൽക്കാറുള്ളൂ. അതൊക്കെ ജീവിതം നമ്മളെ പഠിപ്പിക്കുന്നതാണ്. ആളുകളുടെ അടുത്ത് മിണ്ടാൻ വരെ പേടിയായിത്തുടങ്ങി”, മഞ്ജു പിള്ള പറഞ്ഞു.

അഭിമുഖങ്ങൾ കുറച്ചു നാളത്തേക്ക് വേണ്ട എന്ന് വച്ചിരിക്കുകയായിരുന്നു എന്നും വിവാദങ്ങൾ മാത്രമേ ചില ആളുകൾ ആഗ്രഹിക്കുന്നുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *