Your Image Description Your Image Description
Your Image Alt Text

നീളവും കട്ടിയും തിളക്കവും ആരോഗ്യവുമുള്ള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ താരനും തലമുടി കൊഴിച്ചിലുമാണ് പലരുടെയും പ്രധാന പ്രശ്നം. താരന്‍, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാനും മുടി തഴച്ച് വളരാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും മുടി കൊഴിച്ചിലിനെ തടയുകയും തലമുടി വളരാന്‍ സഹായിക്കുകയും ചെയ്യും.

ഇതിനായി കറ്റാർവാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. തലയോട്ടിയിലെ രക്ത ചംക്രമണം കൂട്ടാനും, മുടി വളരാനും ഇത് സഹായിക്കും.  അതുപോലെ  കറ്റാർവാഴ ജെല്ലിനൊപ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടുന്നതും ഫലം നല്‍കും. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകാം

കറ്റാർവാഴയോടൊപ്പം ഉലുവ കൂടി ചേര്‍ത്തുള്ള ഹെയര്‍ മാസ്കും മുടി വളരാന്‍ നല്ലതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. താരന്‍ അകറ്റാനും ഉലുവ സഹായിക്കും. ഇതിനായി ആദ്യം മൂന്ന് ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇതിനെ പേസ്റ്റായി അരച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർക്കാം. ശേഷം ഈ മിശ്രിതം തലയിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

വെളിച്ചെണ്ണയ്ക്ക് പകരം ആവണക്കെണ്ണയും ഉപയോഗിക്കാം. അതുപോലെ തന്നെ, തൈര്, ചെറുനാരങ്ങാ നീര് എന്നിവ കറ്റാർവാഴ നീരിൽ കലർത്തി തലയോട്ടിയിൽ പുരട്ടുന്നതും താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. ഉള്ളി നീരിനൊപ്പം കറ്റാര്‍വാഴ ചേര്‍ത്ത് പാക്ക് തയ്യാറാക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂൺ ഉള്ളിനീരിൽ അല്പം കറ്റാര്‍വാഴ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം.  അര മണിക്കൂർ കഴിഞ്ഞ് കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ കുറയും.

കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് ഒരു മുട്ട ചേര്‍ത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. തലമുടി കൊഴിച്ചില്‍ മാറാനും മുടി വളരാനും ഈ പാക്ക് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *