Your Image Description Your Image Description

ആർത്തവ ദിനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴേ സ്ത്രീകൾക്ക് ആദ്യം ഓർമ വരുന്നത് വയറ് വേദനയും, അസ്വസ്ഥകളും ആയിരിക്കും. ചിലർക്ക് ചെറിയ വേദനയെ ഉള്ളൂ എങ്കിൽ ചിലർക്കത് അങ്ങേയറ്റം സഹിക്കാൻ പറ്റാത്തത് ആയിരിക്കും. എങ്ങനെയെങ്കിലും കുറച്ചൊരു ആശ്വാസത്തിന് വേണ്ടി പല പരീക്ഷണങ്ങളും സ്ത്രീകൾ നടത്താറുണ്ട്. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വ​ഹിക്കുന്നത്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. പിരീഡ്സ് സമയത്തെ വേദന അകറ്റാൻ മികച്ചതാണ് പാലക്ക് ചീര. ഇതിൽ ഇരുമ്പിന്റെ അളവ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ചീര ക്ഷീണത്തിനെതിരെ പോരാടുകയും ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു.

ഫുഡ്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചീരയിൽ ധാരാളമായി കാണപ്പെടുന്ന ഒരു പ്രധാന ഘടകമായ മഗ്നീഷ്യം ആർത്തവ വേദ​ന കുറയ്ക്കാൻ സഹായിക്കുന്നു. പേശി സങ്കോചത്തിനും വേദനയ്ക്കും കാരണമാകുന്ന ഹോർമോൺ പോലുള്ള സംയുക്തങ്ങളായ പ്രോസ്റ്റാഗ്ലാൻഡിനുകളുടെ പ്രകാശനം തടയുന്നതിലൂടെ മഗ്നീഷ്യം പ്രവർത്തിക്കുന്നു.

കാത്സ്യം, വിറ്റാമിൻ കെ, മഗ്‌നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ പാലക് ചീര പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരംക്ഷിക്കും. പതിവായി പാലക് ചീര കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യസംരംക്ഷണത്തിന് നല്ലതാണ്.

പാലക് ചീരയിൽ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്കും ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഡയറ്റിൽ ഇതുൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *