Your Image Description Your Image Description

ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് പ്രമുഖ ഹോളിവുഡ് നടൻ ജീൻ ഹാക്ക്മാനെയും ഭാര്യ ബെറ്റ്സി അരകാവയെയും വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹതകൾ ഏറെ ആരോപിക്കപ്പെട്ട മരണത്തിൽ പുതിയ കണ്ടെത്തലുകൾ വരികയാണ്. ഹൃദ്രോഗം മൂലമാണ് ജീൻ ഹാക്ക്മാന്‍റെ മരണമെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. ഹാക്ക്മാന്റെ ഭാര്യ ബെറ്റ്സി അരകാവ, ഹാന്റവൈറസ് പൾമണറി സിൻഡ്രോം എന്ന രോഗത്താലാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്.

കഴിഞ്ഞ 50 വർഷത്തിനിടെ ന്യൂ മെക്സിക്കോയിൽ 136 പേരെ ബാധിച്ചിട്ടുള്ള ഒരു അപൂർവ രോഗമാണ് എലികൾ മൂലമുണ്ടാകുന്ന ഹാന്റവൈറസ്. ഈ രോഗത്തിന്റെ മരണനിരക്ക് 42 ശതമാനമാണെന്നാണ് സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് വെറ്ററിനറി ഡോക്ടർ എറിൻ ഫിപ്സ് പറയുന്നത്. ഹാക്ക്മാന്റെ വീടിന്റെ ചില ഭാഗങ്ങളിൽ എലികളുടെ കടന്നുകയറ്റം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ഹാക്ക്മാന് ഹാന്റവൈറസില്ലെന്ന് കണ്ടെത്തി. ഭാര്യ മരിച്ചതിന് ശേഷമാണ് ജീൻ മരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വീടിന്‍റെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു അറ്റകുറ്റപ്പണിക്കാരനാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബെറ്റ്സി അരകാവയുടെ മൃതദേഹം കുളിമുറിയിലാണ് കണ്ടെത്തിയത്, മൃതദേഹത്തിന് സമീപം തൈറോയ്ഡ് മരുന്നുകൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. എന്നാൽ അവ ബെറ്റ്സി ഉപയോഗിക്കുന്നവയാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അടുക്കളക്ക് സമീപമുള്ള മുറിയിലാണ് ഹാക്ക്മാന്‍റെ മൃതദേഹം കണ്ടെത്തിയത്.

മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ പുറത്തുവന്നതോടെ മരണങ്ങൾ നിഗൂഢമാണെന്ന വാർത്തകൾ പരന്നിരുന്നു. തുടക്കത്തിൽ, ഹാക്ക്മാന്‍റെ മകൾ കാർബൺ മോണോക്സൈഡ് വിഷബാധയുണ്ടാകാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞതിനാൽ മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഹാക്ക്മാന്‍റെയും ഭാര്യയുടെയും മൃതദേഹങ്ങൾ രണ്ട് മുറികളിൽ നിന്ന് കണ്ടെത്തിയതും ഭാര്യയുടെ മൃതദേഹത്തിന് സമീപം ചിതറിക്കിടക്കുന്ന ഗുളികകൾ കണ്ടെത്തിയതും ദുരൂഹത വർധിപ്പിച്ചു.

ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറായിരുന്നു ജീനിന്‍റേത്. രണ്ടുതവണ ഓസ്‌കര്‍ നേടിയ അഭിനേതാവ്. 1972ല്‍ ‘ദി ഫ്രഞ്ച് കണക്ഷനിലെ’ ഡിറ്റക്റ്റീവ് ജിമ്മി പോപ്പേ ഡോയല്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. 1992ല്‍ ‘അണ്‍ഫോര്‍ഗിവന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാറും സ്വന്തമാക്കി. ഓസ്‌കറിന് പുറമേ രണ്ട് ബാഫ്റ്റ അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബുകള്‍, ഒരു എസ്.എ.ജി അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും ജീൻ നേടിയിട്ടുണ്ട്. നൂറിലധികം സിനിമകളിൽ അഭിനയിച്ച ഹാക്ക്മാന്റെ അവസാന ചിത്രം ‘വെൽക്കം ടു മൂസ്പോർട്ട്’ ആണ്.

Leave a Reply

Your email address will not be published. Required fields are marked *