Your Image Description Your Image Description

ജില്ലയിലെ ആദ്യത്തെ മാലിന്യമുക്ത പഞ്ചായത്ത് പദവി സ്വന്തമാക്കി മണീട് ഗ്രാമപഞ്ചായത്ത്. ഹരിത പ്രഖ്യാപനം തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ നിര്‍വഹിച്ചു.

പഞ്ചായത്തും ജനങ്ങളും ഒത്തുചേര്‍ന്ന് ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഹരിത പ്രഖ്യാപനം നടത്തിക്കൊണ്ട് സ്‌പെഷ്യല്‍ സെക്രട്ടറി പറഞ്ഞു. ഹരിത പ്രഖ്യാപനത്തിന്റെ മാനദണ്ഡങ്ങള്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത് സുസ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാര്‍ച്ച് 30 ന് മുമ്പായി മാലിന്യമുക്ത പ്രഖ്യാപനം നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ അതിനും മൂന്ന് ആഴ്ച മുമ്പ് തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തുന്ന മണീട് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും സ്‌പെഷ്യല്‍ സെക്രട്ടറി പറഞ്ഞു.

ഉദ്യോഗസ്ഥരും പഞ്ചായത്തും പൊതുജനങ്ങളും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം കൊണ്ടാണ് ഇത്തരമൊരു നേട്ടം നേടിയെടുക്കാന്‍ സാധിച്ചതെന്ന് ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങളെ ആദരിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. ചടങ്ങില്‍ ഹരിത ഭവനം സ്റ്റിക്കര്‍ ഉദ്ഘാടനവും പഞ്ചായത്ത് സെക്രട്ടറി കെ അനിമോള്‍ക്ക് നല്‍കി കളക്ടര്‍ നിര്‍വഹിച്ചു.

ഡോ ബി ആര്‍ അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ് അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി റ്റി അനീഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയെല്ലാം ഹരിതമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പൊതുസ്ഥലങ്ങളെല്ലാം വാര്‍ഡുതല ശുചിത്വ നിര്‍വ്വഹണ സമതിയുടേയും തൊഴിലുറപ്പ് തൊഴിലാളികളുടെയും, സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെ വൃത്തിയാക്കി. അറുപതോളം പൊതു സ്ഥലങ്ങളാണ് ഇത്തരത്തില്‍ വൃത്തിയാക്കിയത്. വൃത്തിയാക്കിയ സ്ഥലങ്ങളില്‍ ചെടികള്‍ നടുകയും സിസിടിവി സ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *