Your Image Description Your Image Description

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു 2023ല്‍ പുറത്തെത്തിയ രജനികാന്ത് ചിത്രം ജയിലര്‍. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമ പല റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മുന്നേറിയത്. നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും വലിയ കൈയടി നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.

സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച ചെന്നൈയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 14 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രീകരണം കേരളത്തിലേക്ക് മാറും. ആദ്യ ഭാഗത്തില്‍ കാമിയോ റോളിലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ മോഹന്‍ലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ബോളിവുഡില്‍ നിന്നും ഒരു സൂപ്പര്‍താരം കൂടി സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേരള, തേനി, ഗോവ തുടങ്ങിയവയാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.

അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. രമ്യ കൃഷ്ണന്‍, വസന്ത്, സുനില്‍, തമന്ന, വി ടി വി ഗണേഷ് എന്നിവര്‍ പ്രഥാന വേഷങ്ങളില്‍ എത്തിയിരുന്നു. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആര്‍ നിര്‍മല്‍ ആയിരുന്നു. ജയിലര്‍ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടന്‍ താരം ജയിലര്‍ 2 വില്‍ ജോയിന്‍ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *