Your Image Description Your Image Description

മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിനുള്ള അടിസ്ഥാന  സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത്  മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന ഫൈബർ റീ – എൻഫോഴ്സ്ഡ് വള്ളങ്ങളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. ചെല്ലാനം കമ്പനിപ്പടി ജോൺ ഇൻഡസ്ട്രീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. ആദ്യ ഘട്ടമായി അഞ്ച് എഫ്ആർപി വള്ളങ്ങളുടെ വിതരണമാണ് നടന്നത്. 11 വള്ളങ്ങൾ കൂടി ഉടൻ വിതരണം ചെയ്യും.

മത്സ്യബന്ധനത്തിനായി എഫ്ആർപി കട്ട മരം അഥവാ ചെറിയ തടി വള്ളം നൽകൽ എന്ന ജില്ലാ പഞ്ചായത്തിന്റെ 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 75 ശതമാനം തുകയായ 37,500 രൂപ ജില്ലാ പഞ്ചയത്ത് വികസന ഫണ്ടും 25 ശതമാനം തുകയായ 12,500 രൂപ ഗുണഭോക്തൃ വിഹിതവും ചേർത്ത് 50,000 രൂപയുടെ വള്ളമാണ് നൽകുന്നത്. 16 ഗുണഭോക്താക്കൾക്കായി ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും  ആറ് ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായി രണ്ട് ലക്ഷം രൂപയും ഉൾപ്പെടെ എട്ട് ലക്ഷം രൂപയുടെ പദ്ധതിയാണ്  നടപ്പിലാക്കുന്നത്.

ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് മിലി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് യമുന എസ് നായർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *