Your Image Description Your Image Description

ടാറ്റ മോട്ടോഴ്സ് ഇന്ത്യയില്‍ ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഹെവി ട്രക്കുകളുടെ പരീക്ഷണം ആരംഭിച്ചു. സുസ്ഥിരവും ദീര്‍ഘദൂരവുമായ ഗതാഗതത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഹൈഡ്രജന്‍ ട്രക്കിന്റെ പരീക്ഷണം ഫ്‌ലാഗ് ഓഫ് ചെയ്തു.

ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്റെ കീഴില്‍ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ധനസഹായം നല്‍കുന്ന ഈ പരീക്ഷണം, ചരക്ക് ഗതാഗതത്തിനായി ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ സാധ്യത വിലയിരുത്തുകയാണ് ലക്ഷ്യമിടുന്നത്. ഹൈഡ്രജന്‍ മൊബിലിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകമാകുന്ന പദ്ധതിയുടെ ടെന്‍ഡര്‍ ടാറ്റ മോട്ടോഴ്സിനാണ് നല്‍കിയിരിക്കുന്നത്.

വ്യത്യസ്ത കോണ്‍ഫിഗറേഷനുകളും പേലോഡ് ശേഷിയുമുള്ള 16 ഹൈഡ്രജന്‍ ട്രക്കുകള്‍ ഉള്‍പ്പെടുന്ന ഈ പരീക്ഷണം 24 മാസം നീണ്ടുനില്‍ക്കും. ഹൈഡ്രജന്‍ ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിന്‍ (ഒ2കഇഋ), ഫ്യുവല്‍ സെല്‍ (H2-FCEV) സാങ്കേതികവിദ്യ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനങ്ങള്‍ മുംബൈ, പൂനെ, ഡല്‍ഹി-എന്‍സിആര്‍, സൂററ്റ്, വഡോദര, ജംഷഡ്പൂര്‍, കലിംഗനഗര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ചരക്ക് റൂട്ടുകളില്‍ പരീക്ഷിക്കും.

പരീക്ഷണ ഓട്ടത്തില്‍ ഹൈഡ്രജന്‍ ഇന്ത്യയുടെ ഗതാഗത ബിസിനസിന് എത്രത്തോളം പ്രയോജനകരവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെടും. പുനരുപയോഗ ഊര്‍ജ്ജത്തിലൂടെ ഇന്ത്യയ്ക്ക് കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കാന്‍ മാത്രമല്ല, എണ്ണ ഇറക്കുമതിക്കായി ചെലവഴിക്കുന്ന വിദേശനാണ്യ ശേഖരം ലാഭിക്കാനും കഴിയും എന്നത് വ്യക്തമാണ്. എന്നാല്‍ ഏറ്റവും വലിയ സഹായം മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതായിരിക്കും. അതിനായി ഹൈഡ്രജന്‍ ഒരു മികച്ച ബദലായി ഉയര്‍ന്നുവന്നിട്ടുണ്ട്.

എല്ലാ വര്‍ഷവും ഇന്ധന ഇറക്കുമതിക്കായി 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുവെന്നും മലിനീകരണവും ഒരു വലിയ പ്രശ്‌നമാണെന്നും പരീക്ഷണം ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ 16 ഹൈഡ്രജന്‍ പവര്‍ വാഹനങ്ങള്‍ക്ക് പരീക്ഷണ അനുമതി നല്‍കിയിട്ടുണ്ടെന്നും ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് കീഴില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് പരീക്ഷണ ഓട്ടങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഹൈഡ്രജന്‍ കാരണം, ഇറക്കുമതി ചെയ്യുന്നതിന് പകരം ഊര്‍ജ്ജം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യമായി നമ്മള്‍ മാറും. നമ്മള്‍ ഹരിത ഹൈഡ്രജന്‍ ഉണ്ടാക്കും. വൈക്കോലില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്നു. വൈക്കോലിന്റെ ജൈവോല്‍പ്പന്നത്തില്‍ നിന്ന് മീഥെയിന്‍ നിര്‍മ്മിക്കാം. അതില്‍ നിന്ന് ഹൈഡ്രജനും നിര്‍മ്മിക്കാം’ നിതിന്‍ ഗഡ്കരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *