Your Image Description Your Image Description

നമ്മൾ കാണുന്ന യൂറോപ്യന്മാരില്‍ ഭൂരിഭാഗവും വെളുത്തനിറമുള്ളവരാണെല്ലേ.. നാട്ടിൽ ‘വെള്ളക്കാർ’ എന്നാണ് വിദേശികളെ നമ്മൾ വിളിക്കാറുമുള്ളത്. എന്നാൽ ഏകദേശം 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുണ്ട നിറത്തിലുള്ള ചര്‍മ്മമായിരുന്നുവെന്ന് വാദിക്കുന്ന പുതിയ പഠനം. ബയോആര്‍ക്‌സിവ് ഡാറ്റാബേസില്‍ പ്രസിദ്ധീകരിച്ച സമീപകാല പഠനമാണ് യൂറോപ്യന്മാരുടെ ചര്‍മ്മത്തിന്റെ നിറത്തെക്കുറിച്ചുള്ള ദീര്‍ഘകാല വിശ്വാസങ്ങളെ പൊളിച്ചെഴുതുന്നത്. ഇറ്റലിയിലെ ഫെറാറ സര്‍വകലാശാലയിലെ ​ഗുയിഡോ ബര്‍ബുജാനി(Guido Barbujani) യുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

1,700-നും 45,000-നും ഇടയില്‍ ജീവിച്ചിരുന്ന 348 വ്യക്തികളുടെ ജീനുകള്‍ പഠനത്തിന്റെ ഭാഗമായി സംഘം പരിശോധിച്ചു. അതില്‍ 63 ശതമാനം പേര്‍ക്ക് ഇരുണ്ട ചര്‍മ്മവും എട്ട് ശതമാനം പേര്‍ക്ക് വിളറിയ ചര്‍മ്മവുമാണെന്ന് കണ്ടെത്തിയിരുന്നു. ഏകദേശം 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് യൂറോപ്പില്‍ വെളുത്ത നിറമുള്ള വ്യക്തികള്‍ കൂടുതലായി കണ്ടുതുടങ്ങിയതെന്ന് പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഏകദേശം 5,000 മുതല്‍ 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്പ്, ഇരുമ്പ് യുഗങ്ങളില്‍ ജീവിച്ചിരുന്ന വ്യക്തികളെ പഠനവിധേയമാക്കിയതില്‍ ഇതില്‍ പകുതിപ്പേര്‍ക്കും ഇരുണ്ടതോ ഇടത്തരം നിറമോ ആയിരുന്നുവെന്നും പഠനത്തില്‍ പറയുന്നു.
പൂർവികർ ആഫ്രിക്കയില്‍ നിന്ന്
ഇളം നിറമുള്ള ചര്‍മ്മത്തിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് നടന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ചെമ്പ്, ഇരുമ്പ് യുഗങ്ങളില്‍ പകുതിയോളം വ്യക്തികള്‍ ഇരുണ്ടതോ ഇരുനിറത്തിലുള്ളതോ ആയ ചര്‍മ്മത്തിന്റെ നിറങ്ങള്‍ കാണിച്ചുവെന്നും പഠനത്തില്‍ പറയുന്നു. പൂർവികരായ യൂറോപ്യന്മാരുടെ അസ്ഥികളില്‍ നിന്നും പല്ലുകളില്‍ നിന്നും ഡിഎന്‍എ വേര്‍തിരിച്ചെടുത്തുകൊണ്ടാണ് ഗവേഷകര്‍ അവരുടെ പിഗ്മെന്റേഷന്‍ സ്വഭാവവിശേഷങ്ങള്‍ അന്വേഷിച്ചത്.

മുന്‍ സിദ്ധാന്തങ്ങള്‍ അവകാശപ്പെട്ടിരുന്നത്, ആധുനിക മനുഷ്യര്‍ ഏകദേശം 45,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ എത്തിയെന്നും കുറഞ്ഞ സൂര്യപ്രകാശവുമായി പൊരുത്തപ്പെടാന്‍ ഇളംനിറത്തിലുള്ള ചര്‍മം രൂപപ്പെട്ടുവെന്നുമാണ്. ലണ്ടണിലെ നാച്ചുറല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബ്രിട്ടീഷുകാരുടെ പൂര്‍വികന്റെ ശേഷിപ്പുകളും സൂചിപ്പിക്കുന്നത് യൂറോപ്യന്മാര്‍ക്ക് ഇരുണ്ട ചര്‍മമായിരുന്നുവെന്നാണ്. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ജീവിച്ചിരുന്ന മനുഷ്യന്റെ ശരീര ശേഷിപ്പുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇരുണ്ട നിറമുള്ള ചര്‍മവും നീലനിറമുള്ള കണ്ണുകളുമാണ് ഉണ്ടായിരുന്നത് എന്ന് വ്യക്തമായി. ഇംഗ്ലണ്ടിലെ ചെദർ എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ പുരുഷന്റെ ശരീരമാണ് മ്യൂസിയത്തില്‍ സൂക്ഷിക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് മിഡിലീസ്റ്റ് വഴിയാണ് ഇയാളുടെ പൂര്‍വികര്‍ യൂറോപ്പിലെത്തിയതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *