Your Image Description Your Image Description

രോഹിത് ശർമക്കെതിരെ ബോഡി ഷെയ്മിങ് പരാമർശം നടത്തിയ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. പാകിസ്ഥാനിലാണ് ഇത്തരം സംഭവങ്ങൾ കണ്ടുവരുന്നതെന്നും ഞാനാണ് പ്രധാനമന്ത്രിയെങ്കിൽ പെട്ടിയുമെടുത്ത് രാജ്യം വിടാൻ പറയുമായിരുന്നെന്നും യോഗ്‌രാജ് പറഞ്ഞു. തടികൂടിയ കായികതാരമാണ് രോഹിത്തെന്നും അദ്ദേഹം ഭാരം കുറക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണെന്നുമാണ് ഷമ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നത്. വിമർശനം ശക്തമായതിന് പിന്നാലെ ഷമ തന്നെ പോസ്റ്റ് പിൻവലിച്ചിരുന്നു.

‘അനാവശ്യ ചർച്ചകൾ പാകിസ്ഥാനിലാണ് പൊതുവെ കണ്ടുവരാറുള്ളത്. ചാമ്പ്യൻസ് ട്രോഫി തോൽവിയുടെ പശ്ചാത്തലത്തിൽ വസീം അക്രം പാകിസ്ഥാൻ താരങ്ങളുടെ ഭ‍ക്ഷണ രീതിയെ കുറിച്ച് നടത്തിയ വിമർശനം ചൂണ്ടിക്കാട്ടിയായിരുന്നു യോഗ്‌രാജിന്റെ നിരീക്ഷണം. ഇത്തരം കാര്യങ്ങൾ പാകിസ്ഥാനിൽ നടക്കും. ഇത്രയും പഴം ആരാണ് കഴിക്കുകയെന്നാണ് അവരുടെ ഒരു മുൻ താരം ചോദിച്ചത്. തീർച്ചയായും നടപടി സ്വീകരിക്കണം. ഇതൊന്നും അംഗീകരിച്ചുകൊടുക്കാനാകില്ല. ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ, പെട്ടിയുമെടുത്ത് ഈ രാജ്യം വിടാൻ പറയുമായിരുന്നു’ -യോഗ്‍രാജ് കൂട്ടിച്ചേർത്തു.

അതേസമയം, ഷമയുടെ പരാമർശം ആയുധമാക്കി ബി.ജെ.പി രംഗത്തുവന്നിരുന്നു. പിന്നാലെ അത് പാർട്ടി നിലപാടല്ലെന്നും കായിക മേഖലയിലെ താരങ്ങൾ നൽകുന്ന സംഭാവനകളെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് കോൺഗ്രസ് കാണുന്നതെന്നും പാർട്ടി നേതാവ് പവൻ ഖേര പറഞ്ഞു. ഐ.സി.സി ടൂർണമെന്‍റ് നടക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ ടീമിന്‍റെയും കളിക്കാരന്‍റെയും മനോവീര്യം തകർക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *