Your Image Description Your Image Description

കൊല്ലം: മദ്യപിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ്. മദ്യപാനികളുണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കുന്നത്. തങ്ങളാരും ഒരുതുള്ളി പോലും കഴിക്കില്ലെന്നും അദ്ദേ​ഹം വ്യക്തമാക്കി. ശക്തിയായി എതിർക്കപ്പെടേണ്ടതാണ് ലഹരി ഉപയോ​ഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് എം വി ​ഗോവിന്ദൻ ലഹരിയോടുള്ള പാർട്ടി സമീപനം വ്യക്തമാക്കിയത്.

മദ്യപിക്കില്ല,​ സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർ‌ശനികമായ ധാരണയിൽ നിന്ന് വന്നവരാണ് ഞങ്ങളെല്ലാം. ബാലസംഘത്തിലൂടെയും വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും വരുമ്പോൾ ആദ്യത്തെ പ്രതിജ്ഞ വ്യക്തിജീവിതത്തിൽ ഇതുപോലുള്ള മുഴുവൻ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും അതിന്റെ തുടർച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മൂല്യങ്ങൾ ചേർത്തുകൊണ്ടാണ് ഞങ്ങളെല്ലാം പ്രവർത്തിക്കുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരുള്ള നാടാണ് കേരളം. അപ്പോൾ മദ്യപാനത്തെ ശക്തിയായി എതിർക്കുക,​ സംഘടനാപരമായ പ്രശ്നമാക്കി നടപടിയെടുത്ത് പുറത്താക്കുക,​ അല്ലെങ്കിൽ ഒഴിവാക്കുകയോ തിരുത്തിക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും. – എം വി ഗോവിന്ദൻ പറഞ്ഞു.

ലഹരി ഉപയോഗത്തെ ശക്തിയായി എതിർക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു. എതിർത്ത് പരാജയപ്പെടുത്താനുള്ള ബോധം രൂപപ്പെടുത്തണം. അങ്ങനെയൊരു പൊതുബോധം രൂപപ്പെടുത്താനുള്ള ഫലപ്രദമായ ഇടപെടൽ പാർട്ടിയുടെയും വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ഉണ്ടാകണം. ആ ജനകീയ മന്നേറ്റത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അണിചേരണമെന്നും എം.വി ഗോവിന്ദൻ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *