Your Image Description Your Image Description

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ മൊഴി മാറ്റി സാക്ഷികൾ. രണ്ട് സാക്ഷികളാണ് യു പ്രതിഭയുടെ മകനും സംഘവും കഞ്ചാവ് ഉപയോ​ഗിക്കുന്നത് തങ്ങൾ കണ്ടിട്ടില്ല എന്ന് മൊഴിനൽകിയിരിക്കുന്നത്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ മൊഴിനൽകവെയാണ് തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനും തങ്ങളുടെ മുൻ മൊഴി തിരുത്തിയത്.

യു പ്രതിഭയുടെ പരാതിയിന്മേലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം നടത്തിയത്. ഇതിന്റെ ഭാ​ഗമായാണ് കേസിലെ പ്രധാന സാക്ഷികളായ അജിത്തിന്റെയും കുഞ്ഞുമോന്റെയും മൊഴിയെടുത്തത്. എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ആളുകൾ എന്ന നിലക്കാണ് ഇവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതികൾ കഞ്ചാവ് ഉപയോ​ഗിക്കുന്നത് കണ്ടുവെന്നും ഇവർ അന്ന് മൊഴി നൽകിയിരുന്നു. എന്നാൽ, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഇവർ മൊഴിമാറ്റി പറയുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു.

ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് എന്താണെന്നറിയാതെ അവർ പറഞ്ഞ ഭാഗത്ത് ഒപ്പിട്ടു നൽകുകയായിരുന്നുവെന്നാണ് നിലവിൽ സാക്ഷികളായ ഇവർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ മൊഴിയായി പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് ഉപയോഗത്തിന് തെളിവില്ല എന്ന റിപ്പോർട്ട് എത്തിയിരിക്കുന്നത്.

യു പ്രതിഭയുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ യു പ്രതിഭയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് കണ്ടെത്തൽ. കേസിലെ 9 പ്രതികളിൽ കനിവിനെ മാത്രമാണ് ഒഴിവാക്കുക.

എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഡിസംബർ 28നാണ് യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *