Your Image Description Your Image Description

തൃശൂര്‍: നാലംഗ സംഘം ഏഴായിരത്തോളം ഹാന്‍സ് പാക്കറ്റുകളുമായി ഒല്ലൂർ പോലീസിന്റെ പിടിയിൽ. പത്ത് ചാക്കുകളിലായി കൊണ്ടുവന്ന, നാലുലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. കൈനൂര്‍ സ്വദേശി ശ്രീനിവാസന്‍ (48), മരത്താക്കര സ്വദേശി ഷാജന്‍ (40), ഒറ്റപ്പാലം സ്വദേശികളായ അസറുദ്ദീന്‍ (33), റിയാസ് (32) എന്നിവരാണ് അറസ്റ്റിലായത്.

ശ്രീനിവാസന്റെ വീട്ടില്‍ നിന്നും 5000 ത്തോളം നിരോധിത പുകയില ഉത്പന്ന പാക്കറ്റുകള്‍ ഒല്ലൂര്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാജനാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചതെന്ന് മനസിലാക്കിയത്. ഒല്ലൂര്‍ ഭാഗത്തെ ചെറുകിട വില്പനക്കാരനാണ് ഷാജന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഒല്ലൂര്‍ പോലീസ് ഉടന്‍ തന്നെ ഷാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്നും ഒറ്റപ്പാലം സ്വദേശിയായ റഷീദിന്റെയും കൂട്ടാളികളുടെയും കൈയില്‍ നിന്നാണ് ഷാജന്‍ സ്ഥിരമായി ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാറുള്ളതെന്ന് മനസിലാക്കി. തുടര്‍ന്ന് നടത്തിയ വിദഗ്ധമായ നീക്കത്തിലൂടെയാണ് തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ചെറുകിട വില്‍പ്പനക്കാരിലേക്കും തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളിലേക്കും വില്‍പ്പനയ്ക്കായി എത്തിച്ച ഏഴായിരത്തോളം ഹാന്‍സ് പാക്കറ്റുകളും ആയി അസറുദ്ദീന്‍, റിയാസ് എന്നിവരെയും പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളേയും റിമാന്‍ഡ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഒല്ലൂര്‍ എ.സി.പി. എസ്.പി. സുധീരന്റെ നിര്‍ദ്ദേശാനുസരണം ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിന്റെ നേതൃത്വത്തില്‍ ലഹരി വേട്ട നടത്തിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിനെ കൂടാതെ എസ്. ഐമാരായ കെ.എം. ഷാജി, വി.എന്‍. മുരളി, എ.എസ്.ഐ. സരിത, സി.പി.ഒമാരായ സജിത്ത്, ശ്യാം ചെമ്പകം, അജിത്ത്, വിഷ്ണുദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *