Your Image Description Your Image Description

പാലക്കാട്: സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി. പാലക്കാട് കിണാവല്ലൂർ സ്വദേശിയായ പറളി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ഇടത് കണ്ണിൻ്റെ കാഴ്ച 40% നഷ്ടമായത്. 2024 നവംബറിലായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിൻ്റെ പേരിലാണ് സഹപാഠിയെ മർദിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയെ അടിച്ച് നിലത്ത് വീഴ്ത്തിയ ശേഷം കണ്ണിൽ സഹപാഠി ഇടിക്കുകയായിരുന്നു. ഇതേതുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകിയതുകൊണ്ട് നടപടി സ്വീകരിക്കില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം ഇക്കാര്യം മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിൽ കുട്ടിയുടെ സ്കൂളിലെ അധ്യാപിക ഫോൺ സംഭാഷണത്തിലൂടെ തന്റെ അമ‍ർഷവും പ്രകടിപ്പിച്ചിരുന്നു. ആക്രമിച്ച വിദ്യാർത്ഥിയുടെ കുടുംബം പൈസ വാ​ഗ്ദാനം ചെയ്തിട്ടും എന്തിന് നിയമനടപടിക്ക് പോയെന്നും അധ്യാപിക ഫോണിലൂടെ ചോദിക്കുന്നുണ്ട്. നിയമനടപടിക്ക് പോയതിനാൽ ഈ സംഭവത്തിൽ സ്കൂൾ നടപടി സ്വീകരിക്കില്ലെന്ന് എച്ച് എം അറിയിച്ചിട്ടുണ്ടെന്ന്, സ്കൂളിലെ അധ്യാപിക കുട്ടിയുടെ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അധ്യാപികയുടെ ഫോൺ സംഭാഷണം പുറത്ത് വന്നതോടെയാണ് കുട്ടിയുടെ പിതാവ് അക്രമ വിവരം പുറത്ത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *