Your Image Description Your Image Description

ഇന്നു ദേശീയ ശാസ്ത്രദിനം. എല്ലാവർഷവും ഫെബ്രുവരി 28നാണ് രാജ്യം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. ശാസ്ത്രജ്ഞനായ സി വി രാമൻ ‘രാമൻ ഇഫക്ട്’ കണ്ടുപിടിച്ചതിന്റെ സ്മരണാർത്ഥമാണ് ഈ ദിനം തന്നെ ദേശീയ ശാസ്ത്രദിനമായി ആചരിക്കാനായി തെരഞ്ഞെടുത്തത്. നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി കമ്യൂണിക്കേഷൻ1986ലാണ് എല്ലാ വർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചത്. തുടർന്ന് 1987 മുതൽ എല്ലാവർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിച്ച് പോരുന്നു.

മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഡോ. സി വി രാമൻ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നതിനൊപ്പം നിരവധി ശാസ്ത്ര മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് അദ്ദേഹത്തിന് സ്‌കോളർഷിപ്പും ലഭിച്ചിരുന്നു. 1928 ഫെബ്രുവരി 28നാണ് സി.വി രാമൻ ‘രാമൻ ഇഫക്ട്’ കണ്ടെത്തിയത്. പ്രകാശം ദ്രവ്യവുമായി ഇടപഴകുമ്പോൾ അതിന്റെ ഊർജാവസ്ഥക്ക് മാറ്റം സംഭവിക്കുന്ന ഒരു ഭൗതികശാസ്ത്ര പ്രതിഭാസമാണ് രാമൻ ഇഫക്ട്. അജ്ഞാത പദാർത്ഥങ്ങളെ തിരിച്ചറിയുന്നതിനും രാസപ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനും വസ്തുക്കളുടെ ഘടന പഠിക്കുന്നതിനും ഈ പ്രതിഭാസം ഉപയോഗിക്കുന്നു. ഈ കണ്ടെത്തലിന് 1930ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. ശാസ്ത്രവിഷയത്തിൽ നൊബേൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ കൂടിയാണ് സി വി രാമൻ.

ശാസ്‌ത്ര ഭൂപടത്തിൽ ഇന്ത്യ

രാഷ്ട്രീയപരമായ ചേരിതിരിവുകൾ നിലനിൽക്കുമ്പോഴും അത്തരം അതിർവരമ്പുകൾ ശാസ്‌ത്രലോകത്ത്‌ ഇല്ലെന്ന്‌ തെളിയിക്കുന്നതാണ്‌ ഇന്ത്യ പങ്കാളിയായിട്ടുള്ള ബഹുരാഷ്ട്ര പ്രൊജക്‌ടുകൾ. അന്താരാഷ്‌ട്ര സഹകരണത്തോടെയുള്ള നിരവധി മെഗാ ശാസ്‌ത്രപ്രൊജക്‌ടുകളിൽ ഇന്ത്യ പങ്കാളിയാണ്‌. ലോകശാസ്‌ത്ര ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു ദശാബ്‌ദമായിരിക്കും ഇനി വരാൻ പോകുന്നത്‌. ഇന്ത്യയിൽ നിർമ്മിക്കുന്ന ഇന്ത്യാ ബേസ്‌ഡ്‌ ന്യൂട്രിനോ ഒബ്‌സർവേറ്ററിയും ഇന്ത്യൻ ലിഗോയും ആ കുതിച്ചുചാട്ടത്തിന്‌ നൽകുന്ന പിൻബലം നിസ്സാരമല്ല. രാഷ്ട്രീയപരമായ ചേരിതിരിവുകൾ നിലനിൽക്കുമ്പോഴും ഇത്തരം അതിർവരമ്പുകൾ ശാസ്‌ത്രലോകത്ത്‌ ഇല്ലെന്ന്‌ തെളിയിക്കുന്നതാണ്‌ ഇന്ത്യ പങ്കാളിയായിട്ടുള്ള ബഹുരാഷ്ട്ര പ്രൊജക്‌ടുകൾ.

സേൺ (CERN)

യൂറോപ്യൻ ഓർഗനൈസേഷൻ ഓഫ്‌ ന്യൂക്ലിയർ റിസർച്ചുമായി (CERN) 1991 മാർച്ച്‌ 28 ന്‌ ഒപ്പുവച്ച ധാരണ പ്രകാരം സോണിന്റെ നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷശാലയായ ലാർജ്ജ്‌ ഹാഡ്രോൺ കൊളൈഡറിന്റെ (LHC) പ്രവർത്തനത്തിൽ ഇന്ത്യയും പങ്കാളിയാണ്‌. 1996 മാർച്ച്‌ 29 ന്‌ ആണ്‌ ഈ പരീക്ഷണശാല പ്രവർത്തനമാരംഭിച്ചത്‌. 2017 ആയപ്പോഴേക്കും LHC പരീക്ഷണങ്ങളിൽ ഇന്ത്യൻ ശാസ്‌ത്രജ്ഞരുടെ പങ്ക്‌ ഗണ്യമായി വർദ്ധിച്ചു. പ്രപഞ്ചോൽപ്പത്തി, ജീവന്റെ ഉത്ഭവം തുടങ്ങി ഉന്നത ഊർജ്ജ നിലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ രഹസ്യങ്ങൾ മനസ്സിലാക്കാനുള്ള പരിശ്രമമാണ്‌ ഈ പരീക്ഷണശാലയിൽ നടക്കുന്നത്‌.

ഫ്രാൻസ്‌, സ്വിറ്റ്‌സർലന്റ്‌ അതിർത്തിയിൽ ഭൂമിക്കടിയിൽ 100 മീറ്റർ ആഴത്തിൽ 27 കിലോമീറ്റർ ചുറ്റളവിലാണ്‌ ഈ തുരങ്ക പരീക്ഷണശാലയുള്ളത്‌. മാസുള്ള കണികകളായ പ്രോട്ടോണുകളുടെയും ലെഡ്‌ അയോണുകളുടെയും കൂട്ടിയിടിയാണ്‌ ഇവിടെ നടത്തുന്നത്‌. മാസുള്ള കണികകളെയാണ്‌ ഹാഡ്രോണുകൾ എന്ന്‌ വിളിക്കുന്നത്‌. 13 ടെറാ ഇലക്‌ട്രോൺ വോൾട്ട്‌ ഊർജ്ജനിലയത്തിലാണ്‌ പ്രോട്ടോൺ സംഘട്ടനം നടക്കുന്നത്‌, അയോൺ സംഘട്ടനം 5.7 TeV യിലും. പ്രകാശ വേഗതയുടെ അടുത്താണ്‌ ഈ സൂക്ഷ്‌മ കണികകളുടെ സഞ്ചാരം ക്രമീകരിക്കുന്നത്‌. വൈദ്യുത കാന്തങ്ങൾ ഉപയോഗിച്ചാണ്‌ സഞ്ചാര വേഗത നിയന്ത്രിക്കുന്നത്‌. കോളറൈഡിന്റെ രണ്ട്‌ പ്രധാന പരീക്ഷണങ്ങളായ ആലീസിന്റെയും (A Large Iron Collider Experiment-ALICE) സി.എം.എസ്സിന്റെയും (Compact Muon Solenoid-CMS) നിർമ്മാണത്തിലും ഓപ്പറേഷനിലും ഇന്ത്യൻ ശാസ്‌ത്രജ്ഞരും എൻഞ്ചിനീയർമാരും പങ്കെടുത്തിട്ടുണ്ട്‌. ലാർജ്ജ്‌ ഹാഡ്രോൺ കോളറൈഡിൽ നടത്തിയിട്ടുള്ള പല പ്രമുഖ കണ്ടെത്തലുകൾക്ക്‌ പിന്നിലും ഇന്ത്യൻ ശാസ്‌ത്രജ്ഞർക്ക്‌ പങ്കുണ്ട്‌. 2012 ലെ ഹിഗ്‌സ്‌ ബോസോൺ കണ്ടുപിടുത്തത്തിലും 2015 ലെ ക്വാർക്ക്‌ ഗ്ലുവോൺ പ്ലാസ്‌മ നിർമ്മാണത്തിലും ഇൻഡോറിലെ രാജാ രമാണ്ണ സെന്റർ ഫോർ അഡ്വാൻസ്‌ഡ്‌ ടെക്‌നോളജിയിലെ ( RRCAT) ശാസ്‌ത്രജ്ഞർ പങ്കാളികളായിരുന്നു.

ഫെയർ (FAlR)

ഒമ്പത്‌ ലോകരാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഫെയർ പദ്ധതിയിൽ (Facility for Antiproton and Ion Research) ഇന്ത്യയും പങ്കാളിയാണ്‌. ഇന്ത്യയെ കൂടാതെ ഫ്രാൻസ്‌, ജർമ്മനി, പോളണ്ട്‌, റൊമാനിയ, റഷ്യ, സ്വീഡൻ, സ്ലൊവേന്യ എന്നീ രാജ്യങ്ങളും ഈ പദ്ധതിയിൽ സഹകാരികളാണ്‌. 200 കോടി യു.എസ്‌ ഡോളർ ചിലവ്‌ വരുന്ന ഈ അന്താരാഷ്‌ട്ര കണികാ പരീക്ഷണശാല ജർമ്മനിയിലാണ്‌ നിർമ്മിക്കുന്നത്‌. 1100 മീറ്റർ ചുറ്റളവുള്ള ഒരു സർക്കുലർ ടണൽ ആണ്‌ ഈ കണികാ പരീക്ഷണശാലയുടെ പ്രധാന ഭാഗമായ ആക്‌സിലറേറ്റർ. 20 ഹെക്‌ടർ പ്രദേശത്താണ്‌ പരീക്ഷണശാല സ്ഥാപിക്കുന്നത്‌. 50 രാജ്യങ്ങളിൽ നിന്നുള്ള 3000 ൽ പരം ശാസ്‌ത്രജ്ഞർക്ക്‌ ഈ പരീക്ഷണശാല ഉപയോഗപ്പെടുത്താൻ സാധിക്കും. ദ്രവ്യത്തിന്റെ ഘടനയും രൂപീകരണവും മഹാ വിസ്‌ഫോടനം മുതൽ ഇതുവരെയുള്ള പ്രപഞ്ച പരിണാമവും ഈ പരീക്ഷണശാലയിൽ പഠന വിഷയമാണ്‌.

നാല്‌ ഗവേഷണ പദ്ധതികളാണ്‌ ഈ ഫെയറിൽ നടപ്പിലാക്കുന്നത്‌. ദ്രവ്യവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ (Compressed Baryonic Matter-CBM) ന്യൂ സ്‌ററാർ ( Nuclear Structure, Astrophysics and Reactions-NUSTAR) ആപ്പ ( Atomic Plasma Physics and Applications-APPA), പാണ്ട (Antiproton Annihilation at Darmsadt–PANDA) എന്നിവയാണവ. ഇന്ത്യൻ ശാസ്‌ത്രജ്ഞർ ഇപ്പോൾ ന്യൂസ്റ്റാർ പദ്ധതിയ്‌ക്ക്‌ ആവശ്യമായ ഹൈ റെസല്യൂഷൻ ഗാമാ റേ സ്‌പെക്‌ട്രോമീറ്റർ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

ഇന്റർനാഷണൽ തെർമോന്യൂക്ലിയർ എക്‌സപെരിമെന്റൽ റിയാക്‌ടർ (ITER)

ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളുടെ പങ്കാളിത്തതോടെ നിർമ്മിക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ പവർ പ്ലാന്റാണ്‌ ITER. ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, കൊറിയ, റഷ്യ, അമേരിക്ക എന്നിവരാണ്‌ മറ്റു പങ്കാളികൾ. നക്ഷത്രങ്ങളിലും സൂര്യനിലും ഊർജ്ജോൽപ്പാദനം നടക്കുന്ന പ്രക്രിയയാണ്‌ ന്യൂക്ലിയർ ഫ്യൂഷൻ. ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങൾ കൂടിചേർന്ന്‌ ഭാരം കൂടിയ അണുകേന്ദ്രമായി മാറുമ്പോൾ ധാരാളം ഊർജ്ജം പുറത്ത്‌ വിടും. നക്ഷത്രങ്ങളുടെ കേന്ദ്രത്തിലെ താപനിലയും മർദ്ദവും ഗുരുത്വാകർഷണവുമൊന്നും ഒരു പരീക്ഷണശാലയിൽ സൃഷ്‌ടിക്കുക എളുപ്പമല്ല. വൈദ്യുത കാന്തങ്ങളുപയോഗിച്ച്‌ നിയന്ത്രിതമായി ഫ്യൂഷൻ നടത്താൻ കഴിയുമെന്ന സിദ്ധാന്തത്തിന്റെ പ്രയോഗ വൽക്കരണമാണ്‌ ITER ൽ നടത്താനുദ്ദേശിക്കുന്നത്‌. 4000 കോടി യു.എസ്‌ ഡോളറിന്റെ ഈ ഭീമൻ പ്രൊജക്‌ടിന്റെ 45 ശതമാനവും വഹിക്കുന്നത്‌ യൂറോപ്യൻ യൂണിയനാണ്‌. മറ്റു രാജ്യങ്ങൾ 9 ശതമാനം വീതം മുതൽ മുടക്ക്‌ നടത്തുന്നു. ക്ലീൻ എനർജ്ജി എന്നതാണ്‌ ഈ പദ്ധതി കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. പദ്ധതിയുടെ ഭാഗമായുള്ള കൂളിംഗ്‌ വാട്ടർ സിസ്റ്റം, ക്രയോജനിക്‌ സിസ്റ്റം, ഇലക്‌ട്രോൺ ഹീറ്റിംഗ്‌ സിസ്റ്റം, ഡയഗ്‌നോസ്‌ററിക്ക്‌ ന്യൂട്രൽ ബീം സിസ്റ്റം തുടങ്ങിയവയിലാണ്‌ ഇന്ത്യൻ ശാസ്‌ത്രജ്ഞർ പ്രവർത്തിക്കുന്നത്‌.

ഇന്ത്യാ ബേസ്‌ഡ്‌ ന്യൂട്രിനോ ഒബ്‌സർവേറ്ററി (INO)

തമിഴ്‌നാട്ടിലെ തേനിയിൽ 1500 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കാനാരംഭിക്കുന്ന ന്യട്രിനോ പരീക്ഷണശാലയാണ്‌ ഐ.എൻ.ഒ. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ്‌ മോഡൽ അനുസരിച്ച്‌ ന്യൂട്രിനോകൾ മൗലിക കണങ്ങളാണ്‌. സൂര്യൻ, നക്ഷത്രങ്ങൾ അന്തരീക്ഷം എന്നിവയാണ്‌ ന്യൂട്രിനോകളുടെ ഉറവിടങ്ങൾ. ന്യൂട്രിനോകളെ കണ്ടെത്തുന്നത്‌ വളരെ പ്രയാസകരമാണ്‌. കടന്നുപോകുന്ന വസ്‌തുക്കളെ അയണീകരിക്കുകയോ പ്രതിപ്രവർത്തിക്കുകയോ ചെയ്യാത്തതുകൊണ്ട്‌ ന്യൂട്രിനോകൾക്ക്‌ ഏതു വസ്‌തുവിൽ കൂടിയും അനായാസം തുളച്ച്‌ കടന്നുപൊകാൻ കഴിയും. ന്യൂട്രിനോ ഡിക്‌ടറ്ററുകൾ തുരങ്കങ്ങളിലോ ഖനികൾക്കുള്ളിലോ ആണ്‌ സാധാരണ സ്ഥാപിക്കാറുള്ളത്‌. ഇന്ത്യാ ബേസ്‌ഡ്‌ ന്യൂട്രിനോ ഒബ്‌സർവേറ്ററി ഒരു അന്താരാഷ്‌ട്ര പരീക്ഷണശാലയാണ്‌. രണ്ടു കിലോമീറ്റർ നീളമുള്ള ഒരു ടണൽ ആണ്‌ പരീക്ഷണശാലയുടെ പ്രധാനഭാഗം. അന്തരീക്ഷ ന്യൂട്രോണുകളെ കുറിച്ചുള്ള പഠനമാണ്‌ ഈ പരീക്ഷണശാലയിൽ നടക്കുന്നത്‌. മധുരയിലുള്ള സെന്റർ ഫോർ ഹൈ എനർജി ഫിസിക്‌സിനു പുറമെ ഇന്ത്യയിലും വിദേശത്തുമായുള്ള 21 ഗവേഷണ സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളാണ്‌. പ്രപഞ്ചരഹസ്യങ്ങളുടെ സന്ദേശവാഹകരാണ്‌ ന്യൂട്രിനോകൾ. ന്യൂട്രിനോകളെ കുറിച്ചുള്ള പഠനം പ്രപഞ്ചത്തെകുറിച്ചുള്ള നമ്മുടെ കാഴ്‌ച്ചപ്പാടുകൾ നവീകരിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും സഹായിക്കും.

സ്‌ക്വയർ കിലോമീറ്റർ അറേ (SKA)

പതിമൂന്ന്‌ ലോകരാജ്യങ്ങൾ ചേർന്ന്‌ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയാണണ്‌ സ്‌ക്വയർ കിലോമീറ്റർ അറേ. ഇന്ത്യയ്‌ക്കു പുറമെ ഓസ്‌ട്രേലിയ, കാനഡ, ചൈന, ഫ്രാൻസ്‌, ജർമനി, ഇറ്റലി,ന്യൂസിലാന്റ്‌, സ്‌പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, നെതർലാന്റ്‌, ബ്രിട്ടൺ എന്നിവരാണ്‌ പദ്ധതിയിലെ പങ്കാളികൾ. ഒരു ചതുരശ്ര കിലോമീറ്റർ (ഒരു ദശലക്ഷം സ്‌ക്വയർ മീറ്റർ) ആണ്‌ ദൂരദർശിനിയുടെ കളക്‌ടിംങ്ങ്‌ ഏരിയ. പദ്ധതിയുടെ പങ്കാളികൾ 13 രാജ്യങ്ങളാണെങ്കിലും 20 രാജ്യങ്ങളഅ# പദ്ധതിയ്‌ക്ക്‌ ഫണ്ടിംങ്ങ്‌ നടത്തുന്നുണ്ട്‌. 1000 ശാസ്‌ത്രജ്ഞൻമാരും എഞ്ചിനീയർമാരും പദ്ധതിയുമായി ചേർന്ന്‌ പ്രവർത്തിക്കുന്നു. ഇന്ത്യയുടെ വിഹിതം 700 മില്ല്യൺ യൂറോ ചിലവ്‌ വരുന്ന പദ്ധതിയുടെ 10 ശതമാനമാണ്‌. ദക്ഷിണാഫ്രിക്കയിലെ കാരു പ്രവിശ്യയിൽ 200 ഡിഷ്‌ ആന്റിനകളും ഓസ്‌ട്രേലിയയിലെ കർക്കിസൺഷൈറിൽ 1,30,000 ലോ-ഫ്രീക്കൻസി ആന്റിനകളും സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്‌. റേഡിയോ തരംഗങ്ങൾക്ക്‌ പ്രക്ഷുബ്‌ധതകൾ ഏറ്റവും കുറഞ്ഞ പ്രദേശമാണ്‌ മേൽ പറഞ്ഞ രണ്ട്‌ സ്ഥലങ്ങളും. ഒരു ഐ ടി ടെലസ്‌ക്കോപ്പ്‌ ആണ്‌ സ്‌ക്വയർ കിലോമീറ്റർ അറെ എന്ന്‌ പറയാൻ കഴിയും. ലോകമെമ്പാടുമുള്ള നിരവധി ശാസ്‌ത്രജ്ഞർ ഈ ദൂരദർശിനിയ്‌ക്ക്‌ വേണ്ടി കമ്പ്യൂട്ടറുകൾ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്‌. പൂനെയിലെ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്‌ട്രോഫിസിക്‌സ്‌ (NCRA) ആണ്‌ ഇന്ത്യയിൽ നിന്നുമുള്ള മുഖ്യപങ്കാളി. എസ്‌.കെ.എ ഇന്ത്യ കൺസോഷ്യമാണ്‌ സ്‌ക്വയർ കിലോമീറ്റർ അറെയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌. ടെലിസ്‌ക്കോപ്പിന്റെ ഡിസൈനിംഗിലും ഇന്ത്യൻ ശാസ്‌ത്രജ്ഞർ പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌.ഇന്ത്യൻ ഐ.ടി വിദഗ്‌ദരാണ്‌ എസ്‌.കെ.എ യുടെ കംപ്യൂച്ചർ ശൃഖംലയ്‌ക്ക്‌ മേൽനോട്ടം വഹിക്കുന്നത്‌. എസ്‌.കെ.എ കൂടാതെ ഓസ്‌ട്രേലിയയിൽ സ്ഥാപിച്ചിട്ടുള്ള മർക്കിസൺ വൈഡ്‌ ഫീൽഡ്‌ അറേയുടെ പ്രവർത്തനത്തിലും ഇന്ത്യൻ ശാസ്‌ത്രജ്ഞരുടെ പങ്കാളിത്തമുണ്ട്‌.

ഇൻഡിഗോ ഇന്ത്യ (INDIGO INDIA)

ഗുരുത്വാകർഷണ അംഗങ്ങളും പഠനത്തിനു വേണ്ടി ഇന്ത്യയിൽ നിർമ്മിക്കുന്ന പരീക്ഷണശാലയാണ്‌ ലേസർ ഇന്റർഫെറോ മീറ്റർ ഗ്രാവിറ്റേഷൻ വേവ്‌ ഒബ്‌സർവേറ്ററി (LIGO) ഇന്ത്യ. അമേരിക്കയിലെ ലൈഗോ പരീക്ഷണശാലയും മറ്റ്‌ മൂന്ന്‌ രാജ്യങ്ങളും ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്‌. ഓസ്‌ട്രേലിയ, ജർമ്മനി, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലെ മൂന്ന്‌ ഗവേഷണസ്ഥാപനങ്ങളും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്‌. ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പ്ലാസ്‌മ റിസർച്ച്‌ (IPR) പൂനേയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആന്റ്‌ ആസ്‌ട്രോഫിസിക്‌സ്‌ (IUCAA), ഇൻഡോറിലുള്ള രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്‌ഡ്‌ ടെക്‌നോളജി (RRCAT) എന്നീ സ്ഥാപനങ്ങളാണവ. 950 ദശലക്ഷം യു.എസ്‌ ഡോളറാണ്‌ പദ്ധതിയുടെ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചപ്പോഴാണ്‌ ഗുരുത്വാകർഷണ തരംഗങ്ങളുടെ സാധ്യത ആൽബർട്ട്‌ ഐൻസ്റ്റൈൻ പ്രവചിച്ചത്. നൂറു വർഷങ്ങൾക്ക്‌ ശേഷം അമേരിക്കയിലുള്ള ലൈഗോ പരീക്ഷണശാലയിൽ വച്ചാണ്‌ ആദ്യമായി അവ കണ്ടെത്തുന്നത്‌. മഹാവിസ്‌ഫോടനം, തമോദ്വാരങ്ങളുടെയും ന്യൂട്രോൺ താരങ്ങളുടെയും കൂട്ടിമുട്ടൽ, സൂപ്പർനോവ പോലെയുള്ള തീവ്ര പ്രതിഭാസങ്ങൾ തുടങ്ങിയവ സംഭവിക്കുമ്പോൾ സ്ഥകാലത്തിലുണ്ടാകുന്ന ഓളങ്ങളാണ്‌ ഗുരുത്വാകർഷണ തരംഗങ്ങൾ എന്നറിയപ്പെടുന്നത്‌. അത്യന്തം ദുർബലമായ ഈ തരംഗങ്ങൾ പ്രകാശ വേഗതയിലാണ്‌ സഞ്ചരിക്കുന്നത്‌. കടലിൽ ഉണ്ടാകുന്ന തിരമാലകൾക്ക്‌ സമാനമാണിവ. വളരെ സൂക്ഷമതയുള്ള ഡിറ്റക്‌ടറുകൾ ഉപയോഗിച്ചു മാത്രമേ ഇവയെ കണ്ടെത്താൻ സാധിക്കുകയുള്ളു. പ്രപഞ്ച പഠനത്തിന്‌ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും വിശ്വസനീയമായ ടൂളാണ്‌ ഗുരുത്വാകർഷണ തരംഗ പഠനം. ഇന്തയിൽ നിർമ്മിക്കുന്നു എന്നതിനു പുറമെ പദ്ധതിയിൽ കൂടുതൽ മുതൽമുടക്ക്‌ നടത്തുന്നതും ഓപ്പറേഷൻ നടത്തുന്നതും ഇന്ത്യയാണ്‌ എന്ന പ്രത്യേകത കൂടി ഈ പരീക്ഷണശാലയ്‌ക്കുണ്ട്‌.

തേർട്ടി മീറ്റർ ടെലസ്‌ക്കോപ്പ്‌ (TMT)

ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനികളിലൊന്നായ തേർട്ടി മീറ്റർ ടെലസ്‌ക്കോപ്പിന്റെ നിർമ്മാണത്തിൽ ഇന്ത്യ മുഖ്യ പങ്കാളിയാണ്‌. ഇന്ത്യയെ കൂടാതെ കാനഡ, ജപ്പാൻ, ചൈന, യ.എസ്‌ എന്നീ രാജ്യങ്ങളാണ്‌ ഈ സംരംഭത്തിനു പിന്നുലുള്ളത്‌. ദൂരദർശിനിയുടെ മുഖ്യ ദർപ്പണത്തിന്റെ വ്യാസം 30 മീറ്റർ ആണ്‌. ജ്യോതിശാസ്‌ത്ര നിരീക്ഷണങ്ങളുടെ നിലവാരം പുതിയ തലങ്ങളിലേക്ക്‌ ഉയർത്തുന്നതിന്‌ ഈ ദൂരദർശിനിയ്‌ക്ക്‌ കഴിയും. തമോദ്വാരങ്ങളെ കുറിച്ചുള്ള പഠനം, ഗാലക്‌സികളുടെ ഉൽപ്പത്തി തുടങ്ങി നിരവധി ജ്യോതിശാസ്‌ത്രപ്രഹേളികൾക്കുള്ള ഉത്തരം തേടുന്നതിന്‌ ഈ ദൂരദർശിനി സഹായിക്കുമെന്നാണ്‌ കരുതുന്നത്‌. തേർട്ടി മീറ്റർ ടെലസ്‌ക്കോപ്പിന്റെ ഇന്ത്യയിലെ കോ-ഓർഡിനേഷൻ സെന്റർ ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിലാണ്‌. 147 കോടി യു.എസ്‌ ഡോളർ മുതൽ മുടക്കുള്ള പദ്ധതിയിൽ ഇന്ത്യയുടെ പങ്ക്‌ 216 മില്യൺ യു.എസ്‌ ഡോളറാണ്‌. പദ്ധതിയുടെ ഐ.ടി വിഭാഗത്തിന്റെ 70 ശതമാനവും നിർവ്വഹിക്കുന്നത്‌ ഇന്ത്യയിലെ ഐ.ടി വിദഗ്‌ദരാണ്‌.

ഇത്തരം വലിയ ശാസ്‌ത്ര പദ്ധതികളിൽ പങ്കാളി ആകുന്നതുകൊണ്ട്‌ ഇന്ത്യൻ ശാസ്‌ത്രസമൂഹത്തിനും വ്യവസായിക മേഖലയ്‌ക്കുമുണ്ടാകുന്ന പുരോഗതി വളരെയേറെയാണ്‌. ബഹുരാഷ്‌ട്ര സഹകരണത്തോടെയുള്ള ശാസ്‌ത്ര പദ്ധതികളിൽ പങ്കുകൊള്ളുന്നതു കൊണ്ട്‌ നമ്മുടെ രാജ്യത്തെ സ്‌ക്കൂൾ, കോളേജ്‌, യൂണിവേഴ്‌സിറ്റി വിദ്യഭ്യാസത്തിന്റെ നിലവാരം ഉയരുമെന്നതിൽ തർക്കമൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *