Your Image Description Your Image Description

കുഞ്ചാക്കോ ബോബൻ്റെ ഏററവും പുതിയ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ വിജയത്തിന് പിന്നാലെ ഭാര്യ പ്രിയയ്ക്ക് നന്ദി പറഞ്ഞ് ചാക്കോച്ചൻ. താരം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

“എനിക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്കായി നീ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. നീ എപ്പോഴും എന്റെ പിന്തുണയും വിമര്‍ശകയും സുഹൃത്തും…സമ്മര്‍ദ്ദത്തെ പൊട്ടിച്ചെറിയുന്നവളും, എൻ്റെ ഏറ്റവും വലിയ ആരാധികയുമാണ്. അതിനാല്‍ എൻ്റെ ഈ വിജയത്തിന് കൂടുതല്‍ അര്‍ഹത പെട്ടവൾ നീയാണ്.. നിൻ്റെ ഓഫീസര്‍, ഹസ്ബൻ്റ് ഓണ്‍ ഡ്യൂട്ടിയുടെ സ്‌നേഹവും സല്യൂട്ടും.” ഭാര്യ പ്രിയയെ മാറോടു ചേർത്തുള്ള ചിത്രവും ചാക്കോച്ചൻ കുറിപ്പിനോടൊപ്പം പങ്കുവച്ചു. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ഓഫീസർ ഓൺ ഡ്യൂട്ടിയെ വിജയിപ്പിച്ച പ്രേക്ഷകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ കൈകാര്യം ചെയ്തത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *