Your Image Description Your Image Description

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള എക്‌സ്‌ഹോസ്റ്റുകളും ഘടിപ്പിച്ച് വാഹനത്തിന്റെ അടിസ്ഥാന രൂപം പോലും മോഡിഫിക്കേഷനിലൂടെ മാറ്റാറുണ്ട്. ഇത് തടയാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളുടെ ഇടപെടലും ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ പൂര്‍ണമായും ഫലം കണ്ടിട്ടില്ല. എന്നാല്‍, മോഡിഫിക്കേഷന്‍ സംവിധാനങ്ങളെ തുരത്താനുള്ള നീക്കമാണ് ഇപ്പോള്‍ ഹൈദരാബാദ് പോലീസ് നടത്തിയിരിക്കുന്നത്.

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനുള്ള സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍. നിയമവിരുദ്ധമായി വാഹനം മോടിപിടിപ്പിക്കാനുള്ള വസ്തുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമവിരുദ്ധമായ മാറ്റങ്ങള്‍ ചെയ്ത് കൊടുക്കുന്ന മെക്കാനിക്കുകള്‍ക്കെതിരേയും നടപടി എടുക്കും. കൂളിങ് ഫിലിമുകള്‍, മ്യൂസിക്കല്‍ മള്‍ട്ടി-ടോണ്‍ ഹോണുകള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന എക്‌സ്‌ഹോസ്റ്റുകള്‍, ഫാന്‍സി നമ്പര്‍പ്ലേറ്റുകള്‍ തുടങ്ങി വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനുള്ള വസ്തുക്കൾ വില്‍ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് അഡിഷണൽ ട്രാഫിക് കമ്മീഷണര്‍ പി.വിശ്വപ്രസാദ് പറഞ്ഞിരിക്കുന്നത്.

ഹൈദരാബാദ് പോലീസിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിലാണ് കമ്മീഷണര്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാപാരികള്‍ ബിസിനസ് നടത്തുന്നത് എല്ലാ നിയമങ്ങളും പാലിച്ചായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇത് പാലിക്കാത്തവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കാനും ശിക്ഷ ഉറപ്പാക്കാനുമാണ് പോലീസിന്റെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. വാഹനങ്ങളില്‍ ഉപയോക്താക്കള്‍ വരുത്തുന്ന മോടിപിടിപ്പിക്കലിന്റെ കൃത്യമായ രേഖകള്‍ ഇവ വില്‍ക്കുന്ന വ്യാപാരികളും ഘടിപ്പിച്ച് നല്‍കുന്ന മെക്കാനിക്കുകളും സൂക്ഷിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *