Your Image Description Your Image Description

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കുന്ന സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ ഡോ. കെ. ഓമനക്കുട്ടി ടീച്ചര്‍, അണ്ടര്‍ 19 ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം വി.ജെ ജോഷിത എന്നിവര്‍ ഉള്‍പ്പെടെ സമൂഹത്തിന് മാതൃകയായി മാറിയ ഒന്‍പത് വനിതകളാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

 

മാര്‍ച്ച് ഒന്നിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

 

കാന്‍സര്‍ അതിജീവിതയും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേതാവുമായ പൂജപ്പുര വനിതകളുടെ തുറന്ന ജയില്‍ സൂപ്രണ്ട് സോഫിയ ബീവി, 2022-ല്‍ പത്മശ്രീ അവാര്‍ഡ് ലഭിച്ച സാക്ഷരതാ പ്രവര്‍ത്തകയായ മലപ്പുറം സ്വദേശിനി കെ.വി. റാബിയ, 1986 മുതല്‍ 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കായി തൃശൂര്‍ കാര്യാട്ടുകരയില്‍ അസോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്‍ഡിക്യാപ്ഡ് അഡള്‍ട്ട്സ് എന്ന സ്ഥാപനം നടത്തിവരുന്ന പ്രൊഫ. പി. ഭാനുമതി, ഇടുക്കി ജില്ലയില്‍ അന്ന്യം നിന്നുപോയ കിഴങ്ങുവര്‍ഗങ്ങളുടെ പരിരക്ഷകയായ 85 വയസുള്ള കര്‍ഷക ലക്ഷ്മി ഊഞ്ഞാംപാറകുടി, ചെങ്കല്‍ചൂളയിലെ ഹരിതകര്‍മ്മ സേനാംഗമായ സാഹിത്യകാരി ധനൂജ കുമാരി, കരിവെള്ളൂര്‍ സ്വദേശിയും മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതയുമായ സാഹിത്യകാരി സതി കൊടക്കാട്, ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിനായി മരംവെട്ട് ഉപജീവനമാര്‍ഗമാക്കിയ പാലക്കാട് സ്വദേശി എസ്. സുഹദ എന്നിവരാണ് പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മറ്റുള്ളവര്‍. 10000 രൂപയും പ്രശസ്തി പത്രങ്ങളും അടങ്ങുന്നതാണ് പുരസ്‌കാരം.

 

ഇതോടൊപ്പം മികച്ച ജാഗ്രതാ സമിതികള്‍ക്കുള്ള പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി വൈ.ബി ബീന എന്നിവര്‍ പങ്കെടുത്തു.

 

*ജാഗ്രതാ സമിതി പുരസ്‌കാരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒന്നാമത്*

 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ സമിതികള്‍.

ഇതില്‍ 2024 – 25 സാമ്പത്തിക വര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരവും ഏറ്റവും മികച്ച കോര്‍പ്പറേഷന്‍ ഉള്ള പുരസ്‌കാരവും തിരുവനന്തപുരത്തിന് ലഭിച്ചു.

 

മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കൊയിലാണ്ടി നഗരസഭ ഒന്നാമതെത്തിയപ്പോള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം മീനങ്ങാടി (വയനാട്), ഒളവണ്ണ (കോഴിക്കോട്), വഴിക്കടവ് (മലപ്പുറം) പഞ്ചായത്തുകള്‍ പങ്കിട്ടു. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

 

ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍, ജാഗ്രതാ സമിതിയില്‍ വരുന്ന പരാതികളുടെ എണ്ണം, അതില്‍ പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ജാഗ്രതാ സമിതി ഏറ്റെടുക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ ഇവയൊക്കെ പരിഗണിച്ചായിരുന്നു പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.

 

 

*മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം ഏഴ് പേര്‍ക്ക്*

 

സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീസൗഹൃദ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും നടത്തിയ പ്രോത്സാഹനജനകമായ മാധ്യമ പ്രവര്‍ത്തനത്തനത്തിന് ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. 20,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രത്യേക പരാമര്‍ശത്തിന് ശില്‍പവും പ്രശസ്തി പത്രവും നല്‍കും.

 

മലയാളം അച്ചടി മാധ്യമം വിഭാഗത്തില്‍ 2024 ലെ മികച്ച റിപ്പോര്‍ട്ടിന് മാതൃഭൂമി കോഴിക്കോട് ഓണ്‍ലൈന്‍ വിഭാഗത്തില്‍ സീനിയര്‍ കണ്ടന്റ് റൈറ്ററായ എ.യു. അമൃതക്കാണ് പുരസ്‌കാരം ലഭിച്ചത്. ‘മുഖമുദ്രയാകണം മുലപ്പാല്‍ ബാങ്ക്’ എന്ന പരമ്പരയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

 

മികച്ച ഫീച്ചറിനുള്ള പുരസ്‌കാരം മലയാള മനോരമ മലപ്പുറം യൂണിറ്റിലെ പൊന്നാനി റിപ്പോര്‍ട്ടര്‍ ജിബീഷ് വൈലിപ്പാട്ടിനാണ്. ‘അരിച്ചെടുത്ത് ദുരിത ജീവിതം’ എന്ന പരമ്പരക്കാണ് അവാര്‍ഡ്. 2024 ഡിസംബര്‍ നാല് മുതല്‍ ഏഴ് വരെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘കുലമിറങ്ങുന്ന ആദിവാസി വധു’ എന്ന പരമ്പരക്ക് കല്‍പറ്റ ബ്യൂറോയിലെ സീനിയര്‍ കറസ്പോണ്ടന്റ് നീനു മോഹന്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.

 

മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം കേരള കൗമുദി കൊച്ചി എഡിഷനിലെ ചീഫ് ഫോട്ടോഗ്രാഫര്‍ എന്‍.ആര്‍. സുധര്‍മ്മദാസിന് ലഭിച്ചു. ‘കുട്ടികള്‍ക്കൊപ്പം’ എന്ന ചിത്രത്തിനാണ് അവാര്‍ഡ്. പുത്തന്‍തലമുറക്കൊപ്പം ഉത്സാഹത്തോടെ സര്‍വകലാശാല ബിരുദ പഠനത്തിനായി തൊഴിലുറപ്പ് ജോലിക്ക് അവധി നല്‍കിയ 74-കാരി തങ്കമ്മയെയാണ് സുധര്‍മ്മദാസ് പകര്‍ത്തിയത്.

 

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിംഗിന് 24 ന്യൂസ് കോഴിക്കോട് യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി. സമീര്‍ അര്‍ഹനായി. അതിജീവനത്തിന്റെ മാതൃകതീര്‍ത്ത കോഴിക്കോട് സ്വദേശിനി ഫാത്തിമ ഇസയുമായി ബന്ധപ്പെട്ട് വാര്‍ത്തയാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

 

മികച്ച ഫീച്ചറിനുള്ള പുരസ്‌കാരം ന്യൂസ് മലയാളം 24x 7 ചാനലിലെ ന്യൂസ് എഡിറ്റര്‍ ഫൗസിയ മുസ്തഫക്കാണ്. ‘മനസ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍’ എന്ന അന്വേഷണ പരമ്പരക്കാണ് പുരസ്‌കാരം.

 

മികച്ച വീഡിയോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം 24 ന്യൂസ് ചാനലിലെ സീനിയര്‍ കാമറാമാന്‍ പ്രവീണ്‍ ധര്‍മ്മശാലക്കാണ്. കൊന്തലകിസ്സകള്‍ എന്ന വാര്‍ത്തയുടെ ചിത്രീകരണമാണ് പ്രവീണിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

 

 

 

*വനിതാദിനാചരണം: വിപുലമായി ആഘോഷിക്കാനൊരുങ്ങി വനിതാ കമ്മീഷന്‍*

 

ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സംസ്ഥാന വനിത കമ്മീഷന്‍. മാര്‍ച്ച് ഒന്നിന് രാവിലെ 10-ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

സ്ത്രീശക്തി പുരസ്‌കാരങ്ങള്‍, ജാഗ്രതാ സമിതി പുരസ്‌കാരങ്ങള്‍, മാധ്യമ പുരസ്‌കാരങ്ങള്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. വനിത – ശിശു വികസന മന്ത്രി വീണാ ജോര്‍ജ്ജാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

 

ഇതോടൊപ്പം കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പും കലാ സായാഹ്നവും സംഘടിപ്പിക്കാനാണ് വനിതാ കമ്മീഷന്‍ തീരുമാനം. സ്ത്രീകളില്‍ കണ്ടുവരുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ നിര്‍ണയിക്കുന്നതിനുള്ള പരിശോധനകളാണ് നടക്കുക. രാവിലെ ഒന്‍പതിന് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ആരംഭിക്കുന്ന ക്യാമ്പ് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക.

 

ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന കലാസായാഹ്നം സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രശസ്ത സിനിമാ നാടക അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷൈലജ പി. അംബു അവതരിപ്പിക്കുന്ന ഏകാംഗനാടകം ‘മത്സ്യഗന്ധി’ അരങ്ങിലെത്തും. ഫീമെയില്‍ ത്രയോ മ്യൂസിക് ബാന്‍ഡ് ‘ചെമ്പി’ന്റെ സംഗീത പരിപാടികളാണ് കലാസായാഹ്നത്തിന്റെ മറ്റൊരു ആകര്‍ഷണം. പ്രമുഖ പിന്നണി ഗായികമാരായ പുഷ്പവതി, രാജലക്ഷമി, എന്‍.ജെ. നന്ദിനി കര്‍ണാടിക്, നാടന്‍ പാട്ടുകള്‍, സിനിമാ ഗാനങ്ങള്‍ എന്നിവയുമായി എത്തുക. എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ അവതരിപ്പിക്കുന്ന മൈം, ഓഫീസ് ജീവനക്കാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ എന്നിവയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *