Your Image Description Your Image Description

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന പറക്കും കാറുകൾ യാഥാർഥ്യമായിരിക്കുന്നു. കാലിഫോർണിയയിലെ വാഹനനിർമാതാക്കളായ അലെഫ് എയ്റോനോട്ടിക്സ് എന്ന കമ്പനിയാണ് ലോകത്തിലെ ആദ്യ പറക്കും ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടം നടത്തിയത്. ലോകത്തിലെ ആദ്യത്തെ ‘റിയൽ ഫ്ലൈയിങ് കാർ’ എന്ന് കമ്പനി അവകാശപ്പെടുന്ന വാഹനം പറക്കുന്ന വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വെർട്ടിക്കലായി മറ്റൊരു വാഹനത്തിനു മുകളിലൂടെ പറക്കുന്നതിന്റെയും ടേക്ഓഫ് ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോയാണ് കമ്പനി പുറത്തുവിട്ടത്.

പറക്കും കാറുകൾ ഇതിന് മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള വാഹനങ്ങൾക്ക് ചെറിയ റൺവേകൾ വേണമെന്നത് ഒരു പോരായ്മയായിരുന്നു. വെർട്ടിക്കൽ ടേക്ഓഫ് ചെയ്യാൻ കഴിവുള്ള ആദ്യത്തെ ഇലക്ട്രിക് പറക്കും കാറാണ് അലെഫ് എയ്റോനോട്ടിക്സ് പരീക്ഷണ പറക്കൽ നടത്തിയ മോഡൽ സീറോ. ഇത് ആദ്യമായിട്ടല്ല പറക്കും കാറുകളിലൂടെ അലെഫ് എയ്റോനോട്ടിക്സ് വാർത്തകളിൽ നിറയുന്നത്. 2017ൽ ആദ്യ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ച കമ്പനിക്ക് ടെസ്‌ല, സ്പെയ്സ് എക്സ് എന്നീ കമ്പനികളിൽ നിന്ന് നിക്ഷേപം ലഭിച്ചിട്ടുണ്ട്. 2022 ൽ ഏറ്റവും പുതിയ പറക്കും കാറിന്റെ പ്രോട്ടോടൈപ്പും കമ്പനി പ്രദർശിപ്പിച്ചു. ഒറ്റ ചാർജിൽ പരമാവധി 220 മൈൽ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കുന്ന കാറിന് 110 മൈൽ വരെ പറക്കാനുമാകും.

കമ്പനി 2022 ൽ പ്രദർശിപ്പിച്ച മോഡൽ എയുടെ പ്രോട്ടോടൈപ്പ് വേർഷനായ മോഡൽ സീറോ അൾട്രാലൈറ്റ് മോഡലാണ് പരീക്ഷണത്തിന് ഉപയോഗിച്ചത് എന്ന് കമ്പനി പറഞ്ഞു. നിലവിൽ മണിക്കൂറിൽ 25 മൈൽ ആണ് കാറിന്റെ വേഗം. മുൻപിലും പിറകിലും നാലു വീതം റോട്ടറുകൾ ഉപയോഗിച്ചാണ് കാർ പറക്കുന്നത്. വീഡിയോ വൈറൽ ആയതോടെ ഇതിനകം 3,000 പ്രീ–ഓർഡറുകൾ കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഒരു കാറിന് 3,00,000 ഡോളർ (ഏദേശം 2.5 കോടി രൂപ) ആണ് വില. ബോയിങ്, എയർബസ് തുടങ്ങിയ വിമാനകമ്പനികൾക്ക് ഘടകങ്ങൾ നിർമിച്ചു നൽകുന്ന PUCARA Aero, MYC എന്നീ കമ്പനികളുമായി നിർമാണ കരാറുമുണ്ട്. മോഡൽ എ വിതരണം അടുത്ത വർഷം ആരംഭിക്കുമെന്നും മറ്റൊരു മോഡൽ 2035 ൽ വിപണിയിലെത്തിക്കുമെന്നും കമ്പനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *