Your Image Description Your Image Description

പാകിസ്ഥാനിൽ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്ന വേദികളിലെ സുരക്ഷ ശക്തമാക്കി. ഭീകര സംഘടനകളായ തെഹ്‍രീക് താലിബാൻ പാകിസ്ഥാനും ഐഎസ്ഐഎസും വിദേശത്ത് നിന്നെത്തിയ ആളുകളെ തട്ടിക്കൊണ്ട് പോകാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അതീവ ജാഗ്രത പുലർത്തണമെന്നാണ് പാകിസ്ഥാൻ ഇന്റലിജൻസ് ബ്യൂറോ നൽകിയിരിക്കുന്ന നിർദേശം.

ഇന്ത്യയൊഴികെ മറ്റെല്ലാ ടീമുകളുടെയും മത്സരങ്ങൾ പാകിസ്ഥാനിലെ വിവിധ വേദികളിലാണ് നടക്കുന്നത്. ഇന്ത്യ ഫൈനലിലെത്തിയില്ലെങ്കിൽ ടൂർണമെന്റ് ഫൈനലും പാകിസ്ഥാനിലാകും നടക്കുക. ബലൂചിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില സംഘടനകളും ക്രിക്കറ്റ് ആരാധകർക്കെതിരെ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ലഹോറിലും റാവൽപിണ്ടിയിലും മത്സരങ്ങൾ നടക്കുമ്പോൾ 12,000 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ‌ വിന്യസിക്കുമെന്നാണ് വിവരം.

ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രമാണ് ദുബായിൽ നടക്കുന്നത്. സുരക്ഷാ ഭീഷണി ഉള്ളതിനാൽ താരങ്ങളെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന ബിസിസിഐയുടെ നിർബന്ധത്തിലാണ് തീരുമാനം. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ചാർട്ടര്‍ വിമാനങ്ങളിലാണ് ടൂർണമെന്റിനായി ടീമുകളെ പാകിസ്ഥാനിലെത്തിച്ചത്. ദുബായിലുള്ള മത്സരങ്ങൾക്കായി ടീമുകൾ പോകുന്നതും തിരിച്ചുവരുന്നതും ഇതേ രീതിയിലാണ്. ടൂർണമെന്റിനായി രാജ്യത്തെത്തുന്ന വിഐപികള്‍ക്കും പ്രത്യേക വിമാനയാത്രാ സൗകര്യവും സുരക്ഷയുമാണ് പാകിസ്ഥാൻ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *