Your Image Description Your Image Description

ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയോട് തോറ്റശേഷം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് പാകിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്‌വാന്‍. ഇന്ത്യക്കെതിരായ തോല്‍വിക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് റിസ്‌വാന്‍ കോലിയെ പുകഴ്ത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ വിരാട് കോഹ്‌ലിയുടെ ഇന്നിംഗ്സിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, മറ്റെല്ലാം മാറ്റിവെച്ച് നമുക്കാദ്യം വിരാട് കോഹ്‍ലിയെക്കുറിച്ച് സംസാരിക്കാം എന്നായിരുന്നു റിസ്‌വാന്‍റെ മറുപടി. കോഹ്‌ലിയുടെ കഠിനാധ്വാനം കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്ന് റിസ്‌വാന്‍ പറഞ്ഞു.

‘ലോകം മുഴുവന്‍ അദ്ദേഹം ഫോം ഔട്ടാണെന്ന് പറയുന്നു. എന്നാല്‍ വലിയ മത്സരങ്ങളില്‍ അദ്ദേഹം ഫോം വീണ്ടെടുക്കും. അതിനായാണ് ലോകം മുഴവന്‍ കാത്തിരിക്കുന്നത്. ഞങ്ങള്‍ക്കെതിരെ അനായാസമാണ് അദ്ദേഹം പന്തടിച്ചകറ്റിയത്. അദ്ദേഹത്തിന് റണ്‍സ് കൊടുക്കാതിരിക്കാനായിരുന്നു തുടക്കം മുതൽ ഞങ്ങൾ ശ്രമിച്ചത്. പക്ഷെ കോഹ്‌ലി അതെല്ലാം മറികടന്നു. കോഹ്‌ലിയുടെ കായികക്ഷമതയെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്നും കോഹ്‌ലിയെ ഔട്ടാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും’ റിസ്‌വാന്‍ പറഞ്ഞു.

‘കളിയുടെ മൂന്ന് മേഖലകളിലും പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ നിഷ്പ്രഭമായി പോയി. തോല്‍ക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്. കാരണം, തോറ്റാല്‍ പിന്നെ നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍ ഈ മത്സരത്തില്‍ നോക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു തെറ്റ് മാത്രമായി ചൂണ്ടിക്കാണിക്കാനാവില്ല. ഒരാളല്ല പിഴവ് വരുത്തിയത്, കളിയുടെ മൂന്ന് മേഖലകളിലും ഞങ്ങള്‍ക്ക് പിഴച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ തോറ്റത്. ആകെയുള്ള നേട്ടം അര്‍ബ്രാർ അഹമ്മദിന്‍റെ ബൗളിംഗ് മാത്രമായിരുന്നുവെന്നും’ റിസ്‌വാന്‍ പറഞ്ഞു. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 42.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

Leave a Reply

Your email address will not be published. Required fields are marked *