Your Image Description Your Image Description

കോഴിക്കോട്: ആട്ടപ്പാടിയിൽ ഭൂമി നഷ്ടപ്പെട്ട ആദിവാസികൾ ഉന്നതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്ക്. മാർച്ച് 12 ന് നിയമസഭക്ക് മുന്നിലെത്തുമെന്ന് ആദിവാസി മഹാസഭ കൺവീനർ ടി.ആർ. ചന്ദ്രനും അട്ടപ്പാടി സുകുമാരനും മുഖ്യമന്ത്രിക്കും സ്പീക്കർക്കും കത്തെഴുതി. തങ്ങളുടെ ഭൂമി കയ്യേറ്റം ചെയ്യുകയാണെന്നും വിഷയത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

നേരത്തെ അട്ടപ്പാടിയിലെ ആദിവാസികൾ സെക്രട്ടേറിയറ്റിൽ എത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അട്ടപ്പാടിയിൽ എത്തി നേരിട്ട് അന്വേഷണം നടത്തിയിരുന്നു. അദ്ദേഹം പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യാജ ആധാരം ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ശുപാർശ ചെയ്തിരുന്നു.

ഈ റിപ്പോർട്ട് പ്രകാരം ഉന്നതതല സമിതിയെ നിയോഗിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും നിരവധി തവണ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. കോട്ടത്തറ വില്ലേജിലെ സർവേ 1275ൽ ആകെയുള്ളത് 224 ഏക്കർ ഭൂമിയാണ്. ഈ ഭൂമി മുഴുവൻ വനഭൂമിയും ആദിവാസി ഭൂമിയുമാണ്. അവിടെ 700 ഏക്കറിന് വ്യാജ ആധാരങ്ങളാണ് നിർമിച്ചിരിക്കുന്നത്.

ആദിവാസികളുടെ പട്ടയനമ്പർ ഉപയോഗിച്ച് വ്യാജ പട്ടയങ്ങൾ ഉണ്ടാക്കി ഭൂമി കൈയേറ്റവും വിൽപ്പനയും വ്യാപകമായി നടക്കുന്നു. ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമികളിൽ പോലും കൈയേറ്റം വ്യാപകമാണ്. കോട്ടത്തറ വില്ലേജിൽ സർവേ 1819-ൽ വ്യാജ ആധാരമുണ്ടാക്കി ആദിവാസി ഭൂമി കൈയേറിയിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി തട്ടിയെടുക്കാൻ ആധാരമുണ്ടാക്കിയത് വ്യാജ നികുതി രശീതിയിലൂടെയാണെന്ന് റവന്യൂ മന്ത്രി തന്നെ നിയമസഭയിൽ പറയുന്ന അവസ്ഥയുണ്ടായി. എന്നിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

മൂലഗംഗൽ, വെള്ളകുളം, വെച്ചപ്പതി മേഖലകളിൽ ആദിവാസി ഊരുകൾക്ക് പോലും വ്യാജ ആധാരം നിർമിച്ചിരിക്കുകയാണ്. ഇത്തരത്തിൽ തങ്ങളുടെ ഭൂമിയെല്ലാം കയ്യേറ്റം ചെയ്യുകയാണെന്ന് ആദിവാസികൾ ആരോപിച്ചു. സർക്കാർ അന്വേഷണം നടത്തിയില്ലെങ്കിൽ ആദിവാസികൾക്ക് സ്വന്തം മണ്ണ് നഷ്ടമാവും. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം എം.എൽ.എ. മാരെ നേരിൽ കണ്ട് ബോധ്യപ്പെടുത്തുന്നതിനാണ് മാർച്ച് 12ന് നിയമ സഭക്ക് മുമ്പിൽ 50-ഓളം ആദിവാസികളെത്തുമെന്നാണ് ടി.ആർ ചന്ദ്രൻ മുഖ്യമന്ത്രിക്ക് എഴുതിയത്. ആദിവാസികളെ കയ്യൊഴിയരുതെന്നും ആവശ്യമായ നടപടികൾ ഉടൻ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *