Your Image Description Your Image Description

തൃശൂര്‍: ഗുരുവായൂർ ദേവസ്വത്തിലെ ആന പാപ്പാന്മാര്‍ പ്രതിഷേധം സമരം നടത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കഴിഞ്ഞ ദിവസം കോഴിമാംപറമ്പ് പൂരത്തിന് ദേവസ്വത്തിന്റെ മൂന്ന് ആനകളെ എഴുന്നള്ളിച്ചിരുന്നു. എന്നാൽ എഴുന്നള്ളിപ്പ് കഴിയും മുൻപേ ആനകളെ തിരിച്ചുകൊണ്ടുപോകാന്‍ പാപ്പാന്‍മാര്‍ തിടുക്കം കൂട്ടിയെന്ന് പറഞ്ഞ് പൂരക്കമ്മറ്റിക്കാര്‍ പാപ്പാന്‍മാരുമായി തർക്കമുണ്ടായി.

മൂന്നു മണിക്കൂര്‍ നേരം ആനയെ എഴുന്നെള്ളിക്കാനാണ് കരാറിലുള്ളതെന്നും അതില്‍ കൂടുതല്‍ നേരം ആനകളെ നിര്‍ത്താന്‍ കഴിയില്ലെന്നുമായിരുന്നു പാപ്പാന്‍മാരുടെ വിശദീകരണം. പൂരക്കമ്മിറ്റിക്കാര്‍ പരാതിപ്പെട്ടതോടെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കോഴിമാംപറമ്പിലെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിനിടയില്‍ ദേവസം ചെയര്‍മാന്‍ അവിടെവെച്ച് നടത്തിയ പരാമര്‍ശമാണ് പാപ്പാന്മാരെ ചൊടിപ്പിച്ചത്.

ചെയര്‍മാന്‍ മാപ്പു പറയാതെ എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ അയക്കില്ലെന്ന നിലപാടിലായി പാപ്പാന്മാര്‍. ശനിയാഴ്ച്ച രാവിലെ തൊട്ട് നിസഹകരണ സമരം ആരംഭിച്ചതോടെ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ ആനപ്പാപ്പന്മാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒടുവില്‍ വൈകീട്ട് ചെയര്‍മാന്‍ തന്നെ നേരിട്ടെത്തി ചര്‍ച്ചയും വിശദീകരണവും നല്‍കേണ്ടി വന്നു. ഇതോടെയാണ് പാപ്പാന്മാര്‍ സമരത്തില്‍ നിന്ന് പിന്മാറിയത്.

തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാർഗ നിർദേശങ്ങൾ ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും ഹൈക്കോടതിയുടെ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *