Your Image Description Your Image Description

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരം. മാർപാപ്പയുടെ ആരോ​ഗ്യസ്ഥിതി ഇന്നലത്തേതിനെക്കാൾ വഷളായെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ട്. ഇതോടെ ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നിരുന്നു. പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് വത്തിക്കാൻ വ്യക്തമാക്കുന്നത്.

രക്തപരിശോധനയിൽ വിളർച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്‌പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ചികിത്സയ്ക്കിടെ ശ്വാസകോശ അണുബാധയിൽ ഇപ്പോൾ കുറവുണ്ടായതായി കഴിഞ്ഞ ദിവസം വത്തിക്കാൻ അറിയിച്ചിരുന്നു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി പറ‍ഞ്ഞു. 88 കാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശ്വാസകോശ അണുബാധയെ തുടർന്നാണ് മാർപാപ്പ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതോടെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും.

എക്സ്-റേ പരിശോധനയിലാണു ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പി തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണു സൂചന. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണു പോളിമൈക്രോബയൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം. മാർപാപ്പ ഉത്സാഹത്തിലായിരുന്നുവെന്നു പ്രസ്താവനയിൽ വത്തിക്കാൻ അറിയിച്ചു.

അനാരോഗ്യത്തെ തുടർന്ന് മാർപാപ്പയെ 2023 മാർച്ചിൽ ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ചെങ്കിലും പിന്നീട് ന്യുമോണിയയാണെന്നു കണ്ടെത്തി. പിന്നീട് 2023 ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ജൂണിൽ അദ്ദേഹത്തിനു വൻകുടൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

നിലവിൽ 88 വയസാണ് മാർപാപ്പക്ക്. അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ജന്മനാടായ അർജന്റീനയിൽ പുരോഹിത പഠനത്തിനിടെയാണ് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തത്. നടുവേദനയും കാൽമുട്ടിലെ പ്രശ്നവും കാരണം പലപ്പോഴും മാർപാപ്പ വീൽചെയറോ വോക്കിങ് സ്റ്റിക്കോ ഉപയോഗിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *