Your Image Description Your Image Description

കൈക്കൂലി കേസിൽ അറസ്റ്റിലായതിനു പിന്നാലെ എറണാകുളം ആർടിഒ ടി.എം.ജേഴ്സനെതിരെ വേറെയും പരാതികളുടെ പ്രവാഹം . തുണിക്കട നടത്തിപ്പിന്റെ മറവിൽ 75 ലക്ഷം രൂപ വെട്ടിച്ചെന്ന പരാതിയാണ് പുതുതായി ഉയർന്നത്. പണം തിരികെ ചോദിച്ചപ്പോൾ ‘പണി’ തരുമെന്നായിരുന്നു ജേഴ്സന്റെ ഭീഷണിയെന്നാണ് പൊലീസിലും വിജിലൻസിലും പരാതി നൽകിയ ഇടപ്പള്ളി സ്വദേശി അൽ അമീൻ പറയുന്നത്.

കൈക്കൂലി കേസിൽ അറസ്റ്റിലായ ജേഴ്സനെ ഗതാഗത വകുപ്പ് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വരെ വിജിലൻസ് കസ്റ്റഡിയിലാണ് ജേഴ്സനും കൂടെ അറസ്റ്റിലായ ഏജന്റുമാരായ ജി.രാമപടിയാരും , മരട് സ്വദേശി ആർ.സജേഷും .

ഇടപ്പള്ളിയിൽ താനും മാതാവും ചേർന്ന് നടത്തിയിരുന്ന തുണിക്കടയിലെ സ്ഥിരം സന്ദർശകരായിരുന്നു ആർടിഒയും ഭാര്യയുമെന്നാണ് അൽ അമീൻ പറയുന്നത്. ഇതിന്റെ ബിസിനസ് സാധ്യതകൾ മനസ്സിലായതോടെ 2022 ൽ ഭാര്യയുടെ പേരിൽ ഇയാൾ മാർക്കറ്റ് റോഡിൽ പുതിയ ഒരു സ്ഥാപനം ആരംഭിച്ചു.

അൽ അമീന്റെ സ്ഥാപനത്തിൽ നിന്നായിരുന്നു തുണികളെടുത്തിരുന്നത്. പല തവണയായി ഇത്തരത്തിൽ 75 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ അൽ അമീൻ ആർടിഒയുടെ കടയിലേക്ക് ഇറക്കിക്കൊടുത്തു. ബിസിനസ് പച്ച പിടിക്കുന്ന മുറയ്ക്ക് പണം തിരികെ നൽകാമെന്നായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള കരാർ. കടയുടെ ജിഎസ്ടി റജിസ്ട്രേഷനും അക്കൗണ്ടുമെല്ലാം ഇരുകൂട്ടരുടെയും പേരിലായിരുന്നു.

ആദ്യ മൂന്നു മാസത്തോളം വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്ന് അൽ അമീൻ പറയുന്നു. എന്നാൽ കച്ചവടം മെച്ചപ്പെട്ടു വന്നതോടെ ആർടിഒയുടെ ഭാവം മാറി. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും തുടങ്ങി. തന്നെ കാണാൻ വന്നേക്കരുതെന്നും വീട്ടിൽ വന്നാൽ നായയെ അഴിച്ചു വിടുമെന്നും അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള അൽ അമീനോട് പറഞ്ഞു.

തന്നെയും ഉമ്മയെയും കള്ളക്കസിൽ കുടുക്കുമെന്ന് ജേഴ്സൻ ഭീഷണിപ്പെടുത്തിയതായും അൽ അമീൻ പറയുന്നു. പലപ്പോഴും പരാതി കൊടുക്കാൻ തുനിഞ്ഞപ്പോഴും ജേഴ്സന്റെ അധികാര ബന്ധങ്ങൾ അറിയാവുന്നതിനാൽ അതിൽനിന്നു പിന്തിരിഞ്ഞു .

കൈക്കൂലി കേസിൽ ജേഴ്സൻ അറസ്റ്റിലായതോടെയാണ് ഇനിയെങ്കിലും പരാതി നൽകണമെന്ന് അൽ അമീൻ തീരുമാനിച്ചതും പൊലീസിനെയും വിജിലൻസിനെയും സമീപിച്ചതും. ജേഴ്‌സൻ പലയിടങ്ങളിലായി കുടുംബാംഗങ്ങളുടെ പേരിലും ബെനാമിയായും വൻതോതിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് വിജിലൻസിന് വിവരമുണ്ട്.

പരിശോധനകളിലൂടെ മാത്രമേ ഇതിന്റെ വിശദാംശങ്ങൾ വ്യക്തമാവൂ . ജേഴ്സന്റെ 4 ലോക്കറുകൾ മരവിപ്പിച്ചതായും വിവരമുണ്ട്. ഇയാൾ കൈക്കൂലി വാങ്ങുന്ന കാര്യം മോട്ടർ വാഹന വകുപ്പിൽ പലർക്കും അറിയാമായിരുന്നെങ്കിലും പുറത്ത് അതായിരുന്നില്ല സ്ഥിതി.

പൊതുസമൂഹത്തിലും സാമുദായിക കൂട്ടായ്മകളിലുമൊക്കെ വളരെ നല്ല പ്രതിച്ഛായയാണ് ഇയാൾ പുലർത്തിയിരുന്നത്. വളരെ നല്ല പെരുമാറ്റം ആയതുെകാണ്ട് കൈക്കൂലി വാങ്ങിച്ചതിന് അറസ്റ്റിലായ വാർത്ത അടുപ്പക്കാർക്ക് ഞെട്ടലുമുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *