Your Image Description Your Image Description

കർണാടക: ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിനെ കുറിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പരാമർശം വിവാദത്തിൽ. ദൈവം ഇടപെട്ടാൽ പോലും ബെംഗളൂരുവിലെ ഗതാഗത കുരുക്കും അടിസ്ഥാനപ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കില്ലെന്നായിരുന്നു ഡി.കെ ശിവകുമാർ നടത്തിയ പരാമർശം.’രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് ബെംഗളൂരു മാറ്റാനാകില്ല. ദൈവത്തിന് പോലും അത് കഴിയില്ല. അതെല്ലാർക്കും അറിയാം. കൃത്യമായ ആസൂത്രണത്തോടു കൂടി മാത്രമേ അത് നടപ്പാക്കാൻ സാധിക്കുകയുള്ളു എന്നാണ് ശിവകുമാർ പറഞ്ഞത്. റോഡ് നിർമാണ വർക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവകുമാർ.

ശിവകുമാറിൻ്റെ അസാധാരണമായ അഭിപ്രായം സമൂഹ മാധ്യമത്തിൽ വൈറലായി. കാലതാമസം നേരിടുന്ന പദ്ധതികളും നിരന്തരമായ ഗതാഗത പ്രശ്‌നങ്ങളും സംബന്ധിച്ച് പലരും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെ ആക്ഷേപിച്ചു. പരിപാടിക്കിടെ നഗരത്തിലെ ഗതാഗതക്കുരുക്കിനെയും മെട്രോ വികസനം വൈകുന്നതിനെ കുറിച്ചുമുള്ള ആശങ്കകൾ ആളുകൾ പങ്കുവെച്ചു. സാമ്പത്തിക വിദഗ്ധനും ആരിൻ കാപിറ്റൽ ചെയർമാനുമായ മോഹൻദാസ് പായ് ശിവകുമാറിന്റെ പ്രസ്താവനയെ എതിർത്തു. ബെംഗളൂരുവിലെ വികസന കാര്യത്തിൽ സർക്കാറിന്റെ നയം എന്താണെന്ന് അദ്ദേഹം ചോദിച്ചു. ശിവകുമാർ മന്ത്രിയായി രണ്ടു വർഷം കഴിഞ്ഞിട്ടും ഒരുമാറ്റവും വന്നിട്ടില്ലെന്നും ജനങ്ങളുടെ ജീവിതം അനുദിനം ദുസ്സഹമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ സർക്കാർ വൈകിപ്പിക്കുകയാണെന്ന് വിമർശനം ഉയർന്നു. പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കുന്നതിലെ മെല്ലെപ്പോക്ക് സംബന്ധിച്ചുള്ള പരാതികളാണ് ഉയർന്നത്. പ്രഖ്യാപിക്കപ്പെട്ട പല റോഡ് വികസന പദ്ധതികളും ഇപ്പോഴും അവതാളത്തിലാണ്. ഫൂട്പാത്തുകൾ വളരെ മോശമായ അവസ്ഥയിലാണ്. ആവശ്യത്തിന് പൊതുഗതാഗത വാഹനങ്ങളുമില്ല. അതിന് അടിയന്തര പരിഹാരം വേണമെന്നും പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങണമെന്നും മോഹൻദാസ് പായ് ആവശ്യപ്പെട്ടു.

ആളുകളുടെ ജീവിതം ദുരിതത്തിലായിട്ട് കാലങ്ങളേറെയായെന്നും, ബെംഗളൂരുവിലെ വികസന കാര്യങ്ങളിൽ സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നും മോഹൻദാസ് ആരോപിച്ചു. അതേസമയം പ്രതിപക്ഷമായ ബിജെപി ശിവകുമാറിന്‍റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ കഴിവുകേടാണ് വ്യക്തമായതെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ ആരോപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *