Your Image Description Your Image Description

മഞ്ചേരി : മേൽക്കൂരയിലെ ചോർച്ചകാരണം അടച്ചിട്ട മെഡിക്കൽകോളേജ് അത്യാഹിതവിഭാഗത്തിലെ പുരുഷൻമാരുടെ നിരീക്ഷണമുറി നവീകരണത്തിനുശേഷം വെള്ളിയാഴ്ച തുറക്കും. മുകൾനിലയിലെ പൈപ്പുപൊട്ടി മലിനജലം ഒഴുകി സീലിങ് അടർന്നുവീഴുകയും ദുർഗന്ധംവമിക്കുന്ന വെള്ളം അത്യാഹിതവിഭാഗത്തിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തതോടെ രണ്ടാഴ്ച മുൻപാണ് പുരുഷൻമാരുടെ നിരീക്ഷണമുറി പൂർണമായും അടച്ചിട്ടത്. ഇതോടെ പുരുഷൻമാരും കുട്ടികളുമെല്ലാം സ്ത്രീകളുടെ ഭാഗത്താണ് ചികിത്സതേടിയത്.

ആശുപത്രി വികസന ഫണ്ടിൽനിന്ന് 94,000 രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. ഒരുകോടി എഴുപത്തിയെട്ടുലക്ഷംരൂപ ചെലവഴിച്ച് എട്ടുമാസം മുൻപ് നവീകരിച്ച അത്യാഹിതവിഭാഗം ചോർന്നൊലിച്ചത് വിമർശനത്തിന് ഇടയാക്കിയിരുന്നു. പൊട്ടിയ പൈപ്പ്‌ലൈൻ മാറ്റാതെ കരാറുകാർ സീലിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കി പദ്ധതിയുടെ ഉദ്ഘാടനം നടത്തിയതാണു പ്രശ്‌നമായത്. ഒലിച്ചിറങ്ങുന്ന വെള്ളം താണ്ടിയാണ് മാസങ്ങളോളം രോഗികൾ ശൗചാലയത്തിലേക്കും മറ്റും പോയിരുന്നത്. ഇക്കാര്യം ആശുപത്രി വികസനസമിതിയിൽ ഉന്നയിച്ച മെഡിക്കൽകോളേജ് പ്രിൻസിപ്പലിനെ പി.ഡബ്ല്യു.ഡി. എക്‌സിക്യുട്ടീവ് എൻജിനിയർ ശകാരിച്ച സംഭവവുമുണ്ടായി. തുടർന്നാണ് നവീകരണ നടപടികൾ വേഗത്തിലായത്. കഴിഞ്ഞ ഏപ്രിൽ 29-നാണ് നവീകരിച്ച അത്യാഹിതവിഭാഗം ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനംചെയ്തത്. ഐ.സി.യു. സൗകര്യത്തോടെയുള്ള അത്യാഹിതവിഭാഗത്തിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ, നിരീക്ഷണ വാർഡ്, എമർജൻസി മെഡിസിൻ വിഭാഗം തുടങ്ങിയ സൗകര്യങ്ങളുണ്ട്. എന്നാൽ രോഗികളുടെ ബാഹുല്യത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇപ്പോഴും ഇവിടെയില്ല.

Leave a Reply

Your email address will not be published. Required fields are marked *