Your Image Description Your Image Description

തിരുവനന്തപുരം: വിശാഖപട്ടണത്തുനിന്നും കാറിൽ കഞ്ചാവുമായെത്തിയ നാലുപേർ അറസ്റ്റിൽ. പള്ളിച്ചൽ പാരൂർകുഴി, അത്തിയറ ഭഗവതി ക്ഷേത്രത്തിനടുത്ത് വാടകയ്ക്കു താമസിക്കുന്ന പ്രാവച്ചമ്പലം, ചാനൽക്കര വീട്ടിൽ റഫീക്ക്(31), നേമം സ്വദേശി ഷാനവാസ്(34), പുനലാൽ സ്വദേശി അനസ് (35), പേയാട് സ്വദേശിനി റിയാ സ്വീറ്റി(44) എന്നിവരാണ് പിടിയിലായത്. കാറിന്റെ ഉടമയായ അനസാണ് സംഘത്തലവനും. ഇവർ കടത്തിക്കൊണ്ടുവന്ന 48 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കാറിനുള്ളിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

വ്യാഴാഴ്ച രാവിലെ മണക്കാട് ഭാഗത്ത് എത്തിയ സംഘത്തിന് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടക്കുന്നതിനാൽ കഞ്ചാവ് കൈമാറാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പാരൂർക്കുഴിയിലെ റഫീക്കിന്റെ വാടകവീട്ടിൽ രാവിലെ കാറുമായി എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. അനസാണ് ഈ സംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ കഞ്ചാവിന് പത്തു ലക്ഷത്തോളം രൂപ വിലമതിക്കും.

വ്യാജ നമ്പറാണ് കാറിൽ രേഖപ്പെടുത്തിയിരുന്നത്. സിറ്റി ഷാഡോ ടീമിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. നരുവാമൂട് എസ്.ഐ. വിൻസെന്റ്, എ.എസ്.ഐ. ഷിബു, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സജിത്ത് ലാൽ, സനൽ, വിനീഷ്, രാഹുൽ, പ്രശാന്ത്, സി.പി.ഒ.മാരായ പീറ്റർ സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കൂടുതൽ അന്വേഷണം നടത്തിവരുന്നതായി നരുവാമൂട് ഇൻസ്‌പെക്ടർ ജി.പി.സജുകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *